sabarimala

കെഎസ്ആർടിസി ശബരിമല സർവീസിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. തീർഥാടകരെ നിർത്തിക്കൊണ്ടുപോയാൽ കർശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസിൽ ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു. 

 

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. ആയിരത്തോളം ബസുകളാണ് ശബരിമല തീർഥാടനത്തിനായി കെഎസ്ആർടിസി അയയ്ക്കുന്നത്. തീർഥാടകർക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് കർശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുത്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ പാടില്ല തുടങ്ങിയവ അടക്കമാണ് നിർദേശങ്ങൾ. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. എന്തൊക്കെ ഒരുക്കങ്ങൾ പൂർത്തിയായെന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും എന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.

തീർഥാടനത്തോട് അനുബന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 18–ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ചുക്കുവെള്ളവും ബിസ്ക്കറ്റുമടക്കം മുഴുവൻ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പ് തുടങ്ങിയവയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു. എല്ലാ ദിവസവും 3 നേരവുമുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ബോർഡ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Sabarimala service High court warns ksrtc