TOPICS COVERED

ശബരിമല വെര്‍ച്വല്‍ ക്യൂ ഈ മാസത്തെ ബുക്കിങ് പൂര്‍ത്തിയായി. ഈ മാസം 30 ന് മാത്രമാണ് ഏതാനും സ്ലോട്ടുകള്‍ അവശേഷിക്കുന്നത്. ശബരിമല നടതുറക്കുന്ന ഈമാസം 15 മുതല്‍ 29 വരെ ഒരുസമയത്തും വെര്‍ച്വല്‍ ക്യൂ ഒഴിവില്ല. 30 ന് സന്ധ്യകഴിഞ്ഞ ഏതാനും ഒഴിവുകള്‍ മാത്രം. എഴുപതിനായിരം പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂവഴി സമയക്രമം ലഭിക്കുന്നത്. ചുവപ്പ് കാണിക്കുന്നത് ഒഴിവുകള്‍ ഇല്ലെന്നാണ്. 

അതേസമയം പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്പോട് ബുക്കിങ് വഴി മലകയറാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക . വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്രമാറ്റിവയ്ക്കേണ്ടിവന്നാല്‍ ഉടന്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യുക. അല്ലെങ്കില്‍ പിന്നീട് നിങ്ങളുടെ ദര്‍ശനാവസരം നഷ്ടമാകും. 

ക്യാന്‍സല്‍ ചെയ്യുന്ന സമയം സ്പോട് ബുക്കിങിലേക്ക് മാറും. സ്പോട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്പോര്‍ട്ടോ വോട്ടര്‍ ഐ.ഡി കാര്‍ഡോ ഹാജരാക്കിയാല്‍ മാത്രമെ എന്‍ട്രി പോയിന്റ് ബുക്കിങ് സാധ്യമാകൂ. പമ്പയില്‍ ഏഴുകൗണ്ടറുകള്‍ ഇതിനായുണ്ട്. ബുക്കിങ് ലഭിക്കാത്തവര്‍ കാത്തിരിക്കേണ്ടിവരും. നിലയ്ക്കലില്‍ മൂന്നിടങ്ങളിലായി 8000 പേര്‍ക്കും പമ്പയില്‍ ഏഴായിരംപേര്‍ക്കും വിരിവയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Sabarimala Virtual Queue booking for this month is complete