rajan-wayanad-centre

മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടല്‍ വിഷയത്തിലെ കേന്ദ്രനിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ. രാജന്‍. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടാണിത്. കോടതിയില്‍ ഇതേ നിലപാട് കേന്ദ്രം ആവര്‍ത്തിക്കുമോയെന്നും മന്ത്രി ചോദ്യമുയര്‍ത്തി. ദുരന്തത്തെ L3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിന് മറുപടിയില്ല. മെമ്മോറാണ്ടത്തില്‍ പിശകെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം. എന്നാല്‍ ഇത് തെറ്റായിരുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ കത്ത് തെളിയിക്കുന്നതെന്നും റവന്യൂമന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട്ടിലേക്ക് കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിക്ക്  കൈമാറി. 

 

അതേസമയം, വയനാട് ദുരന്തബാധിതരെ ശിക്ഷിക്കരുതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ ഏത് ചട്ടമാണ് കേന്ദ്രസര്‍ക്കാരിന് തടസം? സഹായം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വയനാട്ടിലേക്ക് നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്നാണ് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്‍റെ ആരോപണം. സംസ്ഥാനം ചെയ്യേണ്ടത് ചെയ്താല്‍ ഉടന്‍ കേന്ദ്രസഹായം എത്തും. കൃത്യമായ കണക്ക് സംസ്ഥാനം അറിയക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനസഹായം ലഭ്യമാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം പൂര്‍ണമായി തള്ളിയത്. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്. ദുരന്ത നിവാരണത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് കേന്ദ്രത്തിന്‍റെ കടമയെന്നും കത്തില്‍ മന്ത്രി വിശദീകരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം എസ്.ഡി.ആര്‍.എഫ്. വഴി 388 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. കേരളം ആവശ്യപ്പെടാതെ തന്നെ മന്ത്രിതല സമിതി ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയെന്നും ആഭ്യന്തര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ കത്തിനാണ് കേന്ദ്രം ഇത്തരത്തില്‍ മറുപടി നല്‍കിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

The Centre's stance on the Mundakkai-Chooralmala disaster is a challenge to Kerala, says Minister K. Rajan. The Kerala government has requested the Centre to include the calamity in the L3 category, but the Centre has yet to respond, he adds.