വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിട്ട് 113 ദിവസം. പ്രധാനമന്ത്രി ദുരന്തഭൂമി സന്ദര്‍ശിച്ച് മടങ്ങിയിട്ട് 102 ദിവസം. ദുരിതത്തിന് അറുതി പ്രതീക്ഷിച്ചിരിക്കുന്ന മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളെ കടുത്ത നിരാശയിലാക്കിയാണ് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര അറിയിപ്പുവന്നത്. അതില്‍ പ്രതിഷേധം ശക്തമാകുകയാണ്. പുനരധിവാസവും മറ്റ് സഹായങ്ങളിലും സാമ്പത്തിക പ്രതിസന്ധി കാരണം വഴിമുട്ടിനില്‍ക്കേ കേന്ദ്രം കൂടി കൈവിട്ടതോടെ കടുത്ത ആശങ്കയിലാണ് ദുരന്തം അതിജീവിച്ചവര്‍.
അതിജീവിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര പാക്കേജ് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേന്ദ്രസര്‍ക്കാരിന് ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ചത്. ഇതോടെ നൂറുദിവസത്തെ കാത്തിരിപ്പിന് അവസാനമായി. ദുരന്തബാധിതരോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രധാനമന്ത്രി നേരില്‍ക്കണ്ട ദുരന്തത്തില്‍പ്പോലും കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാടിനോട് കേന്ദ്രം പകപോക്കുകയാണെന്നായിരുന്നു എംഎൽഎ ടി.സിദ്ധിഖിന്‍റെ ആരോപണം.
കേന്ദ്രനിലപാട് വയനാടിന് നേരെയുള്ള വധശ്രമമെന്ന് സംസ്ഥാന പൊതുമരാമത്ത്–ടൂറിസംമന്ത്രി പി.എ.മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഒരു സംസ്ഥാനത്തിന് കുറഞ്ഞ തുകയേ അനുവദിക്കാവൂ. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തും തുടർന്നും എൽ–ത്രീ വിഭാഗത്തിൽ ഉൾപ്പെടുത്തി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രനിലപാട് പ്രതികൂലമായതോടെ ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായി. ഭൂമി ഏറ്റെടുക്കലും പൂർണ പുനരധിവാസവും ഇതോടെ അനിശ്ചിതാവസ്ഥയിലായി.