സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുമോ എന്ന ആശങ്ക ഉള്ളില്‍ പുകയുന്നുണ്ട്, ഓരോ മുനമ്പം നിവാസിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശത്ത് ഇല്ലായ്മകളോടും രോഗങ്ങളോടും പടവെട്ടിയാണ് പലരുടെയും ജീവിതം. അപ്പോഴും പിറന്ന മണ്ണ് വിട്ടുകൊടുക്കാതെ വഖഫിനോട് പ്രതിരോധിച്ചു നില്‍ക്കാനും മുന്‍പിലുണ്ട്, ഇവര്‍.
അന്‍പത്തിയൊന്നു വയസ്സേയുള്ളൂ, ബിന്ദുവിന്. പക്ഷേ, ഒന്നു നടക്കാനോ ഇരിക്കാനോ കഴിയില്ല. ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണ്. ഓക്സിജന്‍ മാസ്ക് എപ്പോഴും കൂടെ വേണം. എട്ടു വര്‍ഷം മുന്‍പ് ലൈഫ് പദ്ധതി വഴി ലഭിച്ച വീട് പൂര്‍ത്തിയാതാകെ കിടക്കുന്നു. മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ ബുദ്ധിമുട്ടുന്ന ബിന്ദുവും മകനും വഖഫ് ഭൂമി തര്‍ക്കത്തില്‍ പകച്ചു നില്‍പ്പാണ്.
ബിന്ദുവിന്‍റെ വീടിന് തൊട്ടപ്പുറത്താണ് ശാന്തയുടെ വീട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിത. ലൈഫ് പദ്ധതിയില്‍ പേരുണ്ടെങ്കിലും വീട് അനുവദിച്ചു കിട്ടിയിട്ടില്ല. തര്‍ക്കഭൂമിയായതിനാല്‍ കരമടച്ച രസീതും കൈവശവകാശ രേഖയും ലഭിക്കാത്തതാണ് കാരണം. താല്‍ക്കാലിക ഷെഡിലാണ് ശാന്തയുടെ കുടുംബം കഴിയുന്നത്. തലമുറകളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടാല്‍, ഇതുപോലെ പോകാന്‍ ഇടമില്ലാത്ത അനേകം കുടുംബങ്ങളുണ്ട് മുനമ്പത്ത്.