സംസ്ഥാനം ഗുരുതരമായ മഞ്ഞപ്പിത്ത ബാധയുടെ പിടിയിൽ. ഈ വർഷം ഇതുവരെ 82 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ആറായിരത്തി അഞ്ഞൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗബാധിതർക്ക് സങ്കീർണതകൾ കൂടുതലായതിനാൽ അതീവ ജാഗ്രതാ നിർദേശം നല്കുകയാണ് ആരോഗ്യ വിദഗ്ധർ.
ഒരു ദിവസം 150 ഓളം പേരാണ് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുമായി ചികിൽസ തേടുന്നത്. 11 മാസത്തിനിടെ 64 മരണം സ്ഥിരീകരിച്ചു. 18 പേരുടെ മരണം മഞ്ഞപ്പിത്തം കാരണമെന്ന് സംശയിക്കുന്നു. 6494 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമെ 1783O പേരാണ് രോഗലക്ഷണങ്ങളോടെ ചികിൽസ തേടിയതെന്നതും രോഗ വ്യാപനതോത് കാണിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗാണു മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്.
സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വിസർജ്യം കലരാൻ സാധ്യത ഉള്ളതിനാൽ കിണർ വെള്ളം പോലും പൂർണമായും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ് . മുമ്പ് ദിവസങ്ങൾ കൊണ്ട് ദേദമായിരുന്ന മഞ്ഞപ്പിത്തം ഗുരുതര അവസ്ഥയിലേക്കും മരണത്തിലേയ്ക്കും നീങ്ങുന്ന കേസുകൾ കൂടി വരുന്നുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പും നിർദേശിക്കുന്നു.