നാടകബാധ്യതയിൽ കിടപ്പാടം നഷ്ടമായിട്ടും വാടകവീട്ടിൽ അഭയം തേടിയിട്ടും ഒടുവിൽ അഭിനയിച്ച് കൊതിതീരാതെയാണ് ജെസ്സി മോഹന്റെ വേർപാട്. മൂന്നാം വയസിൽ അച്ഛനോടൊപ്പം വേദികളെ കണ്ടറിഞ്ഞ ജെസ്സി നാൽപതു വർഷത്തിനിടെ അഭിനയിച്ച് തീർത്തത് എണ്ണമറ്റ നാടകങ്ങൾ. നടി ജെസ്സിയുടെ മൃതദേഹം ഇന്ന് കൊല്ലത്ത് സംസ്കരിക്കും.
മുഖത്ത് ചായം പൂശി നാൽപതു വർഷത്തോളം അരങ്ങിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന അൻപത്തിയെട്ടുകാരി ജെസ്സി മോഹന്റെ വേർപാട് തീരാദുഖമായി. ചങ്ങനാശ്ശേരി ചെത്തിപ്പുഴക്കാരിയായ ജെസ്സി മോഹൻ
മൂന്നു വയസ്സുള്ളപ്പോൾ അച്ഛന്റെ കൂടെ മകളായി അഭിനയിച്ചു തുടങ്ങിയതാണ്.പതിനഞ്ചാം വയസ്സിൽ പ്രഫഷണൽ നാടകസംഘത്തിൻ്റെ ഭാഗമായി. കൊല്ലം ഉദയ നാടക സമിതിയിലേക്ക് എത്തിയതോടെ വേദികളിൽ തിളങ്ങി. നാടക പ്രവർത്തകൻ തേവലക്കര മോഹനെ വിവാഹം കഴിച്ച് തേവലക്കരയില്‍ സ്ഥിര താമസം. തിരുവനന്തപുരം സംസ്‌കൃതിയിലും, ചിറയിന്‍കീഴ് അനുഗ്രഹയിലും കൊല്ലം യവനികയിലും ദമ്പതികൾ അഭിനയിച്ചു. പിന്നീട് ഇരുവരും ചേർന്ന് കൊല്ലം സ്വാതി എന്ന പേരില്‍ നൃത്തനാടക സംഘം രൂപീകരിച്ചത് വലിയ സാമ്പത്തിക ബാധ്യത ആയി. തേവലക്കരയില്‍ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ബാധ്യത തീർത്തത്. ആറുമാസം മുന്‍പ് മോഹന്‍ മരിച്ചു.
വലിയകുളങ്ങരയിൽ വാടക വീട്ടിലായിരുന്നു ജെസ്സിയുടെ താമസം. സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ജെസ്സി അഭിനയം തുടരുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് കായംകുളം ദേവയുടെ 'വനിത മെസ്' എന്ന നാടകത്തിന്റെ ഭാഗമായത്. രണ്ടാമത്തെ സ്റ്റേജായിരുന്നു കണ്ണൂരിലേത്. മികച്ച നാടക നടിക്കുള്ള ഒട്ടനവധി പുരസ്‌കാരങ്ങള്‍ ജെസ്സി മോഹന് ലഭിച്ചിരുന്നു.