സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി ഇന്ന്. അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. റഹീമിന്റെ അഭിഭാഷകന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി.
മരിച്ച സൗദി ബാലന്റെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായതോടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിതെളിഞ്ഞത്. റഹിം നിയമസഹായസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കുടുംബം ആവശ്യപ്പെട്ട 34 രൂപ സ്വരൂപിച്ചത്. എന്നാൽ മോചനം സംബന്ധിച്ച് ഒക്‌ടോബര്‍ 21ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്ക്കും എന്ന് അറിയിക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബഌക് പ്രോസിക്യൂഷന്‍ വാദങ്ങള്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിര്‍ദേശിച്ചു. ഇതോടെയാണ് വാദം കേള്‍ക്കാന്‍ ഞായറാഴ്ച സമയം അനുവദിച്ചത്. ഇതിനിടെ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദ് ജയിലിലെത്തി റഹീമിനെ കണ്ടിരുന്നു. വീട്ടുകാരെ കാണാൻ ആദ്യ വിസമ്മതിച്ച റഹീം പിന്നീട് കാണാൻ തയ്യാറാവുകയായിരുന്നു. ഡ്രൈവറായി ജോലി കിട്ടി സൗദിയിലെത്തി ഒരു മാസത്തിനകമാണ് അബ്ദുല്‍ റഹീം കൊലക്കേസ് പ്രതിയായി ജയിലിലാകുന്നത്. മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്‌ളിക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹർജി. പബ്ലിക് പ്രോസിക്യൂഷന്റെ നിലപാടാകും കേസിൽ നിര്‍ണായകമാവുക. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം റഹീമിന് അനുകൂലമായാല്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ജാമ്യത്തിലിറങ്ങി കൂട്ടുപ്രതി മുങ്ങിയത് റഹീമിന്റെ മോചനത്തെ ബാധിക്കില്ല. വധശിക്ഷ ഒഴിവാക്കിയ വേളയില്‍ തന്നെ കേസ് ഫയലുകള്‍ രണ്ടായി പരിഗണിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നിയമ സഹായ സമിതി അറിയിച്ചു.