nurse-death

TOPICS COVERED

പത്തനംതിട്ട എസ്.എം.ഇ കോളജ് ഓഫ് നഴ്സിങ് വിദ്യാര്‍ഥി  ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹോസ്റ്റലിലെ സഹ വിദ്യാര്‍ഥികളുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം. ഹോസ്റ്റലിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ മരിച്ച അമ്മു സജീവിന്‍റെ പിതാവ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിച്ചുവരികയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ മനോരമന്യൂസിനോട് പറഞ്ഞു.  

പഠിച്ചിറങ്ങാന്‍ ഒരുമാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സ്വപ്നങ്ങളെല്ലാം പാതിയില്‍ ഉപേക്ഷിച്ച് മകള്‍ പോയത് താങ്ങാനാവാതെ ഒരു കുടുംബം. ഈ വേര്‍പാടിന്‍റെ ഉത്തരവാദികള്‍ ഒപ്പം പഠിച്ച ഏതാനും വിദ്യാര്‍ഥികളാണെന്നാണ് കുടുംബം ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പത്തനംതിട്ട എസ്.എം.ഇ കോളജ് ഓഫ് നഴ്സിങ് നാലാം വര്‍ഷ വിദ്യാര്‍ഥി അമ്മു സജീവിന്‍റെ ദാരുണ മരണം. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് പെണ്‍കുട്ടി മാതാപിതാക്കളുമായും സഹോദരനുമായും ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. അതിനാല്‍ ആത്മഹത്യയാണോയെന്നതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെടേ പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്ന് കോളജ് പ്രിന്‍സിപ്പല്‍ മനോരമന്യൂസിനോട് പറഞ്ഞു. പിതാവിന്‍റെ പരാതിയില്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. 

The family alleges foul play in the death of a Pathanamthitta S.M.E. College of Nursing student who fell from the hostel building: