മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതില്‍ കെ.ഗോപാലകൃഷ്ണനെതിരായ അന്വേഷണം വൈകിപ്പിച്ച് പൊലീസ്. പരാതി ലഭിച്ച് ആറ് ദിവസമായിട്ടും കേസെടുത്തില്ല. നിയമോപദേശം ലഭിക്കാത്തത് തടസമെന്നാണ് പൊലീസിന്റെ വിശദീകരണം. Also Read:ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമര്‍ശം
ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 'മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പ്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 'മല്ലു മുസ്ലിം ഓഫീസേഴ്സ്' ഗ്രൂപ്പ്. ഇതെല്ലാം പിടിക്കപ്പെടുമെന്നായപ്പോള്‍ ഞാന്‍ ഒന്നുമറിഞ്ഞില്ല, എന്റെ മൊബൈല്‍ ആരോ ഹാക്ക് ചെയ്തതാണെന്ന കള്ളപ്പരാതി. പൊലീസിനോട് മാത്രമല്ല, കാര്യം അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ മുഖത്ത് നോക്കിയും ഹാക്കിങെന്ന കള്ളക്കഥ പറഞ്ഞു. ഒടുവില്‍ ഹാക്കിങില്ലെന്ന് പൊലീസ് കണ്ടെത്തിയപ്പോള്‍ കുറ്റങ്ങളുടെ നീണ്ട പട്ടികയാണ് ഗോപാലകൃഷ്ണന്റെ ചുമലിലുള്ളത്.
സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി അവസാനിച്ചതോടെ കേസില്‍ നിന്ന് രക്ഷപെട്ടിരിക്കുകയാണ് മുന്‍ വ്യവസായ സെക്രട്ടറി. ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ച് പൊലീസ് ഇരിക്കുമ്പോഴാണ് കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി കിട്ടിയിട്ടും കേസെടുക്കാന്‍ സര്‍ക്കാരിന്റെ പൊലീസിന് മടി. നിയമോപദേശം തേടിയിട്ടാകാം നടപടിയെന്നായി അടുത്ത തീരുമാനം. നിയമോപദേശത്തിന് കൊടുത്ത് നാല് ദിവസമാകുമ്പോളും നിയമവിദഗ്ധര്‍ പഠിച്ച് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ഐഎഎസ് പ്രമുഖനെ കേസില്‍ നിന്ന് രക്ഷിക്കാനുള്ള സര്‍ക്കാരിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണ് പൊലീസിന്റെ ഉഴപ്പിന് പിന്നിലെന്നാണ് ആക്ഷേപം.