munambam-league-meet

മുനമ്പത്തെ ഭൂമിപ്രശ്നത്തിന് പരിഹാരം തേടിയുള്ള ചർച്ച പോസിറ്റീവെന്ന് മുസ്‌ലിം ലീഗ്. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ലത്തീൻ മെത്രാൻ സമിതിയുമായി ചർച്ച നടത്തിയ ശേഷമായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. പ്രശ്നപരിഹാരത്തിന് സർക്കാരിന്‍റെ മുൻകൈ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ചർച്ചയിൽ ശുഭപ്രതീക്ഷയെന്ന് ലത്തീൻ സഭ വ്യക്തമാക്കി.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, അഡ്വ.മുഹമ്മദ് ഷാ എന്നിവർ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തിയത്. മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നിർദേശങ്ങളാണ് ലത്തീൻ മെത്രാൻ സമിതിയുമായുള്ള ചർച്ചയിൽ ഉയർന്നുവന്നത്. ലത്തീൻ സഭയിലെ 16 ബിഷപ്പുമാരും ചർച്ചയിൽ പങ്കെടുത്തു. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും എത്തിയിരുന്നു. കാര്യങ്ങൾ പോസിറ്റീവെന്ന് ഒന്നരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. 

ചർച്ചയിൽ ശുഭപ്രതീക്ഷയെന്നായിരുന്നു കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പ്രതികരിച്ചത്. ചർച്ചയ്ക്ക് എത്തിയ മുസ്‌ലിം ലീഗിന്റെ നടപടി മാതൃകാപരമെന്നും സ്വാഗതം ചെയ്യുന്നുവെന്നും മുനമ്പം ഭൂസംരക്ഷണസമിതി നേതാക്കൾ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് ലീഗിന്‍റെ നിർണായക ഇടപെടൽ എന്നതാണ് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ പ്രാധാന്യം.