cmrdf

വയനാട് ദുരന്തത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച കോടികളില്‍ ഒരു രൂപ പോലും ചിലവാക്കാതെ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുട‌െ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയില്‍ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ജൂലൈ മുപ്പതാം തീയതി മുതലാണ് വയനാട് ദുരന്തത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിച്ചു തുടങ്ങിയത്. നാല് മാസത്തിനകം 658.42 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച തുകയില്‍ ഒരു രൂപ പോലും പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെയും മാറ്റിവെച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഇലക്ട്രോണിക് പേയ്മെന്‍റ് വഴി വിവിധ ബാങ്കുകളിലേക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട‌െങ്കിലും യു.പി.ഐ ഐഡി വഴി എത്ര പണം കിട്ടിയെന്ന കാര്യത്തില്‍ സൈറ്റില്‍ വ്യക്തതയില്ല. 2018 ആഗസ്റ്റ് 14 മുതല്‍ യുപിഐ വഴി ആകെ മൊത്തം 9.03കോടി ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുമ്പോഴും വയനാടിനായി എത്ര രൂപ പിരിഞ്ഞുകിട്ടിയി‌ട്ടുണ്ടെന്ന് വ്യക്തമാക്കുന്നില്ല.

2018-19 പ്രളയത്തിനും, കോവിഡിനും ലഭിച്ച തുകയുടെ ശ്രോതസുകള്‍ പട്ടിക തിരിച്ച് കണക്കുകള്‍ ലഭ്യമാക്കിയപ്പോള്‍ വയനാടിന് വേണ്ടി 'പൊതു ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുക' എന്ന പട്ടിക മാത്രം ഉള്‍പ്പെടുത്തിയാണ് 658.42 കോടിയുടെ കണക്ക് കാണിച്ചിരിക്കുന്നത്.  

കോവി‍ഡ് കാലത്ത് ലഭിച്ച 1129.74 കോടി രൂപയില്‍ 1111.15 കോടിയും വിവിധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. 2018ലെയും 19ലെയും പ്രളയസമയത്തും 4970.29 കോടി രൂപ ലഭിക്കുകയും അതില്‍ നിന്നും 4730.77 കോടി ചിലവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വയനാടിനു വേണ്ടി ഇതുവരെയും ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ആകെ 6758.45 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ വര്‍ഷങ്ങളിലായി എത്തിയത്.അവയില്‍ കോവി‍ഡ് കാലത്ത് ചെലവഴിച്ച 1111.15 കോടിയും. പ്രളയത്തിനായി ചെലവഴിച്ച 4738.77 കോടിയും ചേര്‍ത്ത് 5849.92 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കണക്ക് പ്രകാരം 908.53 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ ബാക്കിയുണ്ട്.

ENGLISH SUMMARY:

Not even a single penny spend from CMDRF for Wayanad landslide victims. Evidence are out now.