പത്തനംതിട്ട എസ്.എം.ഇ കോളജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതില്‍ വ്യക്തത ആവശ്യപ്പെട്ട് കുടുംബം. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഹോസ്റ്റലിലെ സഹപാഠികളുടെ പീഡനത്തെ തുടര്‍ന്നാണ് അമ്മു മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ അമ്മുവിന്‍റെ പിതാവ് സജീവ് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
അമ്മു പഠിച്ചിറങ്ങാന്‍ ഒരുമാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അമ്മുവിന്‍റെ ദാരുണ മരണം. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് അമ്മു മാതാപിതാക്കളുമായും സഹോദരനുമായും ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. അതിനാല്‍ ആത്മഹത്യയാണോയെന്നതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്‍റെ മുകളിൽ കയറി അമ്മു താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്.
മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റൽ മുറിയിലും ഈ മൂവർ സംഘം നിരന്തരം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയതും മൂവർ സംഘം എതിർത്തു. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
അമ്മു മരിച്ച ദിവസവും ക്ലാസിൽ സഹപാഠികളില്‍ ചിലരുമായി വഴക്കുണ്ടായെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനിടെ അമ്മുവും കൂട്ടുകാരും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ക്ലാസ് ടീച്ചര്‍ പറയുന്നു. നാലുപേരും ഉറ്റ ചങ്ങാതിമാരാണ്, എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും അധ്യാപികയായ സമിത ഖാന്‍ വ്യക്തമാക്കി. മരണത്തിലെ ദുരൂഹത മാറ്റണമെന്ന ആവശ്യം കുടുംബം മുന്നോട്ടുവച്ചതോടെ അമ്മുവിന്‍റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.