ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ഒരാഴ്ച മുന്‍പേ തീരുമാനമെടുത്തിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ തന്ത്രം തിരഞ്ഞെടുപ്പ് കാലത്ത് പ്രയോഗിക്കേണ്ടതാണ്. കൂടിയാലോചനയ്ക്ക് ശേഷമാണ് സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എടുത്തത്. നേതൃത്വത്തിലുള്ള എല്ലാവരും അവര്‍ പാലിക്കേണ്ട നിശബ്ദത പാലിക്കുകയും രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സിപിഎം നേതാക്കള്‍ സന്ദീപ് വാര്യര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കാണാന്‍ കാത്തിരുന്നതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം വിട്ട് സ്നേഹത്തിന്‍റെ രാഷ്ട്രീയത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവ് കടന്നുവന്നുവെന്നതാണ് സന്ദേശം. വ്യക്തിയല്ല, സന്ദേശമാണ് വലുത്. അത് കേരളത്തിലും ദേശീയതലത്തിലും ഉണ്ടാകാന്‍ പോകുന്ന വലിയ മാറ്റത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓന്തിന്‍റെ നിറം മാറുന്നത് പോലെയാണ് പിണറായി വിജയന്‍റെ രാഷ്ട്രീയമെന്ന് വി.ഡി പരിഹസിച്ചു. ഭൂരിപക്ഷ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. മതേതരത്വത്തിന് വേണ്ടി ശബ്ദിക്കുന്നവരോട് സംഘപരിവാറിന് ദേഷ്യമാണെന്നും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ നടക്കുന്ന പിണറായി വിജയന് അത് സഹിക്കില്ലെന്നും സതീശന്‍ ആരോപണം ഉയര്‍ത്തി. ജമാ അത്തെ ഇസ്ലാമി മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിന്‍റെ കേരളത്തിലെ സിപിഎമ്മിന്‍റെ കൂടെയായിരുന്നുവെന്നും അവരുടെ ആസ്ഥാനം അദ്ദേഹം പലവട്ടം സന്ദര്‍ശിക്കുകയും വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. കൊലപാതങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒ.കെ വാസുവിനെ ഷാള്‍ അണിയിച്ച നേതാവാണ് പിണറായിയെന്നും സതീശന്‍ തുറന്നടിച്ചു. പാലക്കാട്ടെ മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും സതീശന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, ബിജെപി കേരളത്തെ വിദ്വേഷത്തിന്റെ ചന്തയാക്കുകയാണ്. ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും ഉണര്‍ത്തി മുസ്ലിം വിരുദ്ധരാക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മനോരമന്യൂസിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വോട്ട് തേടി ഒരു വർഗീയ കക്ഷിയുടെയും പിന്നാലെ കോണ്‍ഗ്രസ് പോയിട്ടില്ല. മനസാക്ഷി അനുസരിച്ച് ചെയ്യുന്നതാണ് വോട്ട്. ആരുടെയും വ്യക്തിഗത വോട്ട് വേണ്ടെന്ന് പറയില്ല. ചേലക്കരയിൽ അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ ആശങ്കകൾക്ക് പരിഹാരം കാണുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.