TOPICS COVERED

സെക്രട്ടറിയേറ്റിൽ തീർപ്പാകാതെ കിടക്കുന്നത് മൂന്നു ലക്ഷം ഫയലുകൾ. സെക്രട്ടറി ചുമതലയിലുള്ള ഐ.എ.എസുകാരുടെ അഭാവമാണ് കാരണം. 231 ഉദ്യോഗസ്ഥർ വേണ്ടിടത്ത് നിലവിലുള്ളത് 128 ഉദ്യോഗസ്ഥർ മാത്രമാണ്.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാർ സിങ്ങിനെപ്പോലുള്ളമുതിർന്ന 32 ഐ.എ. എസ് ഉദ്യോഗസ്ഥർ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷന് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ചെറുതല്ല.  സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥർക്ക് നാലും അഞ്ചും വകുപ്പിന്‍റെ ചുമതലയാണ്. ഇതോടെ പ്രധാന വകുപ്പുകളുടെയടക്കം ഫയലുകൾക്ക് തീർപ്പാകുന്നില്ല. സർക്കാരിനു താൽപര്യമില്ലാത്തതിനാൽ രാജു നാരായണ സ്വാമിയെപ്പോലുള്ളവർക്ക് ഒരു വകുപ്പിന്‍റെ ചുമതലയാണ് നിലവിൽ നൽകിയിരിക്കുന്നത്. 

അഞ്ചും ആറും വകുപ്പുകളുടെ ചുമതലയുള്ളവർ മൂന്നു വകുപ്പെങ്കിലും ഒഴിവാക്കി തരണമെന്നു ചീഫ് സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഐ.എ.എസ് അസോസിയേഷനും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാർ മൂന്നും നാലും വകുപ്പും കൈകാര്യം ചെയ്യുന്നതിനാലാണ് കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞത്. 

സംസ്ഥാനത്തിന്‍റെ സ്വന്തം സർവീസ് എന്ന ടാഗ് ലൈനോടെയെത്തിയ കെ.എ.എസുകാർക്കും സുപ്രധാന ചുമതലകളൊന്നും നൽകിയിട്ടില്ല. പരാതിയുമായി ഇവരും ചീഫ് സെക്രട്ടറിയെ സമീപിച്ചിട്ടുണ്ട് '. വിഷയം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Three lakh files are pending in the Secretariat