പാലക്കാട്ടെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച് മുസ്്ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി വിജയന്‍ അളക്കേണ്ടെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനം സംഘപരിവാറിനെ സന്തോഷിപ്പിക്കാനെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ പിണറായിയുടേത് രാഷ്ട്രീയ വിമര്‍ശനമാണെന്ന് സിപിഎം ആവര്‍ത്തിച്ചു. അതിനിടെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ പിന്തുണച്ച് കെ. സുരേന്ദ്രന്‍ രംഗത്തെത്തി.
പാണക്കാട് തങ്ങള്‍ക്കെതിരായ ഈ വിമര്‍ശനമാണ് മുസ്്ലിം ലീഗിനെ ചൊടിപ്പിച്ചത്. തങ്ങള്‍ക്കെതിരായ വിമര്‍ശനം മുഖ്യമന്ത്രിയുടെ വര്‍ഗീയ ബാന്ധവത്തിന്‍റെ ബഹിര്‍സ്ഫുരണമാണെന്നും മുഖ്യമന്ത്രി സംഘപരിവാറിന് കൈത്താങ്ങ് നല്‍കുകയാണെന്നും ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ മറുപടി ഇങ്ങനെ. സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ബിജെപി ബന്ധം ഇതോടെ കൂടുതല്‍ തെളിഞ്ഞെന്ന് ഷാഫി പറമ്പിലും പുറത്തുവന്നത് മുഖ്യമന്ത്രിക്കുള്ളിലെ സംഘിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയവിമര്‍ശനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാമര്‍ശത്തെ ലീഗ് വിമര്‍ശിക്കുന്നത് മതവികാരം ആളികത്തിക്കാന്‍.
മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ തെറ്റെന്താണെന്ന് എംബി രാജേഷ് ചോദിച്ചപ്പോള്‍ മതേതര പാര്‍ട്ടിയില്‍ നിന്നുള്ള ലീഗിന്‍റെ വ്യതിചലനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് എ.കെ ബാലനും വിശദീകരിച്ചു. അതേസമയം പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ചോദ്യം.