പാലക്കാട് വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ വിമര്‍ശനത്തിന‌് ശക്തമായ തിരിച്ചടിയുമായി മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി വിജയന്‍ അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ വിമര്‍ശനം മുഖ്യമന്ത്രിയുടെ വര്‍ഗീയ ബാന്ധവത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. തങ്ങളെ ലക്ഷ്യംവച്ച പിണറായി സംഘപരിവാറിന് കൈത്താങ്ങ് നല്‍കുകയാണെന്നും മുഖപ്രസംഗം ആരോപിച്ചു.
തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന് കെ.എം.ഷാജിയും തുറന്നടിച്ചു. പ്രസ്താവന നടത്തുന്നതില്‍ പാണക്കാട്ട് തങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അത് ദൗര്‍ബല്യമായി കാണരുതെന്നും ഷാജി മുന്നറിയിപ്പ് നല്‍കി. ചൊറി വന്നവനൊക്കെ മാന്താന്‍ പാണക്കാട്ടേയ്ക്ക് വരുന്ന രീതി നിര്‍ത്തണമെന്നും വിമര്‍ശനം കടുപ്പിച്ച ഷാജി പറഞ്ഞു.
തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രിക്കുള്ളിലെ സംഘി പുറത്തുവന്നെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം . കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ പിആര്‍ ഏജന്‍സിയാണുള്ളത്. സുരേന്ദ്രന് എഴുതിക്കൊടുത്ത പ്രസ്താവനയാണ് ഇന്നലെ മുഖ്യമന്ത്രി വായിച്ചതെന്നും രാഹുല്‍ ആരോപിച്ചു.
എന്നാല്‍ പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമര്‍ശമെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. ലീഗിനും യുഡിഎഫിനും ഇപ്പോള്‍ ബുദ്ധി ഉപദേശിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയാണ്. അവര്‍ നിശ്ചയിക്കുന്ന വഴികളിലൂടെയാണ് ലീഗും യുഡിഎഫും പോകുന്നത്. ഇത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതില്‍ തെറ്റെന്തെന്നും എം.ബി രാജേഷ് ചോദിച്ചു. പഴയെ തങ്ങളെ പോലെയല്ല പുതിയ തങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.