കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലിസിന് വീഴ്ച്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വീഴ്ച്ച പരിശോധിക്കാനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ സാധ്യതയേറി. അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 6 പതിറ്റാണ്ടിലധികം കോണ്‍ഗ്രസ് ഭരിച്ച ബാങ്കാണ് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ കഴിഞ്ഞദിവസം പിടിച്ചെടുത്തത്.
ഒരു ബാങ്ക് തിരഞ്ഞെടുപ്പില്‍ സമീപകാല ചരിത്രത്തിലൊന്നും കാണാത്ത തരത്തിലുള്ള സംഘര്‍ഷമാണ് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായത്. ആദ്യ മണിക്കൂറില്‍ കുറച്ച് പേര്‍ക്ക് വോട്ട് ചെയ്യാനായി എന്നതൊഴിച്ചാല്‍ പിന്നീട് വോട്ടെടുപ്പ് പൂര്‍ണമായും മുടങ്ങി. സംഘര്‍ഷം കാരണം 11 മണിക്ക് ശേഷം ആര്‍ക്കും പോളിങ് ബൂത്തിലെത്താനായില്ല. നിയന്ത്രിക്കാന്‍ കഴിയുമായിരുന്ന ഈ സംഘര്‍ഷത്തില്‍ ഏറെനേരവും കാഴ്ച്ചക്കാരായിരുന്നു പൊലിസ്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലിസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഇന്‍റലിജന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീഴ്ച്ചകള്‍ പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത് ആലോചനയിലാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. വോട്ടര്‍മാരെ തടയുന്നത് നിഷ്ക്രിയനായി നോക്കി നിന്ന എസിപി എ. ഉമേഷ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എസിപിയുടെ നടപടി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും കോണ്‍ഗ്രസ് ജില്ലാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്.