കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കാലുവേദനയുമായി എത്തിയ പേരാമ്പ്ര സ്വദേശിനിക്ക് ആദ്യം മാനസിക രോഗത്തിനുള്ള ചികില്‍സയാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ മാസം നാലിനാണ് നാവിന തരിപ്പും കാല്‍ വേദനയുമായി പേരാമ്പ്ര സ്വദേശിനി രജനി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. ആദ്യ ഘട്ട പരിശോധനയില്‍ വേദനയ്ക്കുള്ള മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. വേദന അധികമായതോടെ വീണ്ടുമെത്തി. വേദന സഹിക്കാതെ നിലവിളിച്ച രജനിയെ മാനസിക രോഗത്തിന് ചികിത്സിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
അതീവ ഗുരുതരമായ ഗിലൈന്‍ ബാരി സിന്‍ഡ്രം എന്ന രോഗമാണ് രജനിക്ക് പിടിപ്പെട്ടതെന്ന് കണ്ടെത്തുന്നത് ഏറെ വൈകിയാണ്. അപ്പോഴേക്കും രജനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നാണ് ആശുപത്രിയുടെ വിശദീകരണം. പോസ്റ്റുമോര്‍ട്ടം അടക്കം ആശുപത്രി അധികൃതര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രജനിയുടെ ഭര്‍ത്താവ് ഗിരിഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കുടുംബം നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി.