കോഴിക്കോട് കടലുണ്ടിയില്‍ മൂന്നു വര്‍ഷം മുന്‍പ് കാണാതായ മകനായി കാത്തിരിക്കുന്നൊരു അമ്മയുണ്ട്. 17ാം വയസില്‍ കാണാതായ മകന്‍ അശ്വിനെ ഓര്‍ത്ത്  കഴിയുകയാണ് വിവിതയും സുബ്രഹ്മണ്യനും. അശ്വിന്‍റെ സുഹൃദ്‌വലയത്തെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ഈ കാത്തിരിപ്പ് വിവിതയ്ക്ക് പ്രതീക്ഷയുടേതാണ്. വീട്ടിലേക്ക് മകന്‍ എത്തിയാല്‍ സ്നേഹം കൊണ്ട് ചേര്‍ത്ത് നിര്‍ത്തണം, വയറു നിറയെ ഭക്ഷണം വിളമ്പണം. ഏതൊരു അമ്മയെപ്പോലെയും മകന്‍ ഉണ്ടോ ഉറങ്ങിയോ എന്നെല്ലാമോര്‍ത്തുള്ള വേവലാതിയാണ് മനസില്‍.

രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്താം എന്ന് പറഞ്ഞാണ് സുഹൃത്തിനൊപ്പം 2021 സെപ്തംബര്‍ 17ന് അശ്വിന്‍ വീട്ടില്‍ നിന്ന് പോയത്.  തിരിച്ചെത്താതായതോടെ കുടുംബം ഫറോക്ക് പൊലീസില്‍ പരാതി നല്‍കി. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അവസാനമായി ടവര്‍ ലോക്കേഷന്‍ കാണിച്ചതും ഫറോക്കില്‍ തന്നെ. അശ്വിന് എന്തുസംഭവിച്ചുവെന്ന് സുഹൃത്തുകള്‍ക്ക് അറിയാമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അശ്വിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വിവിത പറയുന്നത്.

ENGLISH SUMMARY:

A mother is waiting for her son who went missing three years ago in Kadalundi; The family's demand is that the investigation should focus on Ashwin's circle of friends