ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിദ്ദിഖിന്‍റെ വാദങ്ങള്‍ അംഗീകരിച്ച സുപ്രീംകോടതി ഇടക്കാല മുൻകൂർജാമ്യം സ്ഥിരപ്പെടുത്തുകയായിരുന്നു. സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. വിചാരക്കോടതി ഉപാധികള്‍ അനുസരിച്ച് ജാമ്യം നല്‍കണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നിവയാണ് വ്യവസ്ഥകള്‍.
പരാതി സിനിമാ വ്യവസായത്തിനെതിരെയാണെന്നും തനിക്കെതിരെ അല്ലെന്നും സല്‍പ്പേര് നശിപ്പിക്കാനുള്ള അപായകരമായ നീക്കമാണെന്നുമുള്ള വാദമാണ് സുപ്രീംകോടതിയില്‍ സിദ്ദിഖ് ഉന്നയിച്ചത്. പരാതിക്കാരി സമൂഹമാധ്യമത്തിലൂടെ ഒട്ടേറെപ്പേര്‍ക്കെതിരെ ആരോപണമുന്നയിച്ചു. അതിലൊന്നും തനിക്കെതിരെ പരാതിയില്ല. പ്രിവ്യൂവിന് നിള തിയറ്ററില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്താനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം നടിയെ കണ്ടിട്ടേയില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടു.
പരാതിക്കാരി എന്തുകൊണ്ട് ഹേമ കമ്മിറ്റിക്ക് മുന്നില്‍പ്പോയില്ലെന്ന ചോദ്യവും നടന്‍ ഉയര്‍ത്തി. അമ്മ–ഡബ്ല്യുസിസി ഭിന്നതയ്ക്കുശേഷമാണ് പരാതി ഉടലെടുത്തത്. താന്‍ 'അമ്മ' സെക്രട്ടറിയും പരാതിക്കാരി ഡബ്ല്യുസിസി അംഗവുമായിരുന്നുവെന്നും നടന്‍ കോടതിയില്‍ ബോധിപ്പിച്ചു.
എട്ടുവര്‍ഷം മുന്‍പത്തെ ഫോണ്‍ എങ്ങനെ കൈവശമുണ്ടാകാനാണ്? പരാതിയിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും ഫെയ്സ്ബുക്കില്‍ ഉന്നയിക്കാതെ പൊലീസിനെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സിദ്ദിഖ് ചോദ്യമുയര്‍ത്തി.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. പരാതിക്കാരിയെ കണ്ടത് സിദ്ദിഖ് സമ്മതിച്ചല്ലോയെന്നും ഭയം കാരണമാണ് നടി നേരത്തെ പരാതിപ്പെടാതിരുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.