മുനമ്പം ഭൂമിപ്രശ്നം വഖഫ് ട്രൈബ്യൂണൽ ഈ മാസം 22ന് പരിഗണിക്കും. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി നൽകിയ അപ്പീലാണ് പരിഗണിക്കുക. മുനമ്പം ഭൂമി വഖഫ് റജിസ്റ്ററിൽ ചേർത്ത ബോർഡിന്‍റെ തീരുമാനത്തിനെതിരെയാണ് അപ്പീൽ

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് 2019 ലാണ് വഖഫ് ബോർഡ് തീരുമാനമെടുക്കുന്നത്. ഭൂമി വിൽപ്പന നടത്തിയ ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റി, ഭൂമി വിട്ടു നൽകിയ സത്താർ സേട്ടിന്‍റെ കുടുംബാംഗങ്ങൾ എന്നിവരെ കേട്ടും, രേഖകൾ പരിശോധിച്ചുമായിരുന്നു ഉത്തരവ്. ബോർഡിന്റെ റജിസ്റ്ററിൽ മുനമ്പത്തെ ഭൂമി ചേർക്കുകയും ചെയ്തു. വഖഫ് ബോർഡിന്‍റെ ഈ നടപടിക്കെതിരെയാണ് ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റി ട്രൈബ്യൂണലിനെ സമീപിച്ചത്. കോളജിൻ്റെ അപ്പീലാണ് ഈ മാസം 22ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുക. മുനമ്പത്തെ ഭൂമി തങ്ങൾക്ക് ലഭിച്ചത് വഖഫായല്ല, ഗിഫ്റ്റ് ഡീഡായാണ് എന്നാണ് ഫാറൂഖ് കോളജിന്‍റെ വാദം. ഇക്കാര്യം 1975ലെ ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫാറൂഖ് കോളജ് ചൂണ്ടിക്കാണിക്കുന്നു. കോളജിന്റെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചാൽ മുനമ്പത്തെ ഭൂമി വഖഫ് റജിസ്റ്ററിൽ ചേർത്ത തീരുമാനം റദ്ദാകും. ഇതോടെ ഭൂമിയുടെ റവന്യൂ അവകാശം പ്രദേശവാസികൾക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഏറെ നിർണായകമാണ് ട്രൈബ്യൂണലിന്‍റെ തീരുമാനം. മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിരുന്നു. വഖഫ് ട്രൈബ്യൂണൽ വിഷയം പരിഗണിക്കുന്ന അതേ ദിവസം തന്നെയാണ് ഉന്നതതല യോഗവും.

ENGLISH SUMMARY:

Waqf tribunal to consider munambam case on november