കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാത്തതിനെ ചൊല്ലി പൊലീസിനുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷം. കയ്യാങ്കളി മുഴുവന്‍ നോക്കി നില്‍ക്കേണ്ടിവന്നത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നടപടി എടുക്കാന്‍ അനുവദിക്കാതിരുന്ന എസിപി എ ഉമേഷുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ അവധിയില്‍ പ്രവേശിച്ചു. എന്നാല്‍ പൊലിസിന്‍റെ നടപടി ശരിവക്കുന്ന തരത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.
ആദ്യമണിക്കൂറില്‍ മാത്രമാണ് വോട്ടെടുപ്പ് കുറച്ചെങ്കിലും നടന്നത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത് പൊലിസിന്‍റെ കണ്‍മുമ്പില്‍ നിന്നാണ്. നാല് അസി. കമ്മീഷണര്‍മാരടങ്ങുന്ന 250 പേരുടെ സംഘം കാഴ്ച്ചക്കാരായി നില്‍ക്കുമ്പോഴുണ്ടായ സംഭവം സേനക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നടപടി എടുക്കാന്‍ ഉത്തരവിടേണ്ട എസിപി എ ഉമേഷിനെതിരെ ഉദ്യോഗസ്ഥ തലത്തില്‍ പ്രതിഷേധം പുകയുകയാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ നടപടിയെടുക്കാത്തതിനെചൊല്ലി എസിപിയും തിരഞ്ഞെടുപ്പിന്‍റെ സുരക്ഷാചുമതലയുള്ള മെഡിക്കല്‍കോളജ് ഇന്‍സ്പെക്ടര്‍ പികെ ജിജീഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ജിജിഷ് അവധിയില്‍ പ്രവേശിച്ചു. പൊലിസിന് വീഴ്ച്ചയുണ്ടായി എന്നാണ് ഇന്‍റലിജന്‍സിന്‍റെയും കണ്ടെത്തല്‍. എന്നാല്‍ പൊലിസ് നടപടി ശരിവയ്ക്കുന്ന തരത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിനിടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് ശ്രമിക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിലേയ്ക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ തന്നെ പൊലിസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ വിചിത്ര ന്യായീകരണം.