sebastian-paul

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് ഇടതുസഹയാത്രികനും മുൻ എം.പിയുമായ അഡ്വ.സെബാസ്റ്റ്യൻ പോൾ. താമസക്കാരെ കേൾക്കാതെ ഭൂമി തങ്ങളുടേതാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന വഖഫ് ബോർഡിന്‍റെ രീതി തെറ്റാണ്. വഖഫ് ബോർഡിന് സ്വീകാര്യമായതെല്ലാം പൊതുസമൂഹത്തിന് സ്വീകാര്യമാകണമെന്നില്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

 

വഖഫ് നിയമ ഭേദഗതി ബില്ലിനെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് എതിർക്കുന്നതിനിടയിലാണ് ഇടത് സഹയാത്രികനും നിയമവിദഗ്ധനുമായ ഡോ. സെബാസ്റ്റ്യൻ പോൾ നിലപാട് വ്യക്തമാക്കുന്നത്. അനധികൃതമായി കയ്യേറിയ ഭൂമി ആണെങ്കിൽ പോലും ആളുകളെ ഇറക്കിവിടാൻ നിയമപരമായ വഴികളുണ്ട്. എന്നാൽ താമസക്കാരെ കേൾക്കാതെ ഭൂമി തങ്ങളുടെ അധീനതയിലുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന വഖഫ് ബോർഡിന്‍റെ രീതി തെറ്റാണ്. 

വഖഫ് ബോർഡിന്‍റെ സുതാര്യതയില്ലാത്ത നടപടികൾക്കെതിരെയാണ് മുനമ്പത്തെ സമരം. ഇതിനു പരിഹാരം ഉണ്ടാക്കാൻ ചില നിയമനിർമ്മാണങ്ങളും ഭേദഗതികളും വേണ്ടിവരുമെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. വഖഫിന് സ്വീകാര്യമായതെല്ലാം പൊതുസമൂഹത്തിന് സ്വീകാര്യമാകണമെന്നില്ല. ഇവിടെയാണ് നിയമ ഭേദഗതിയുടെ പ്രസക്തിയെന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Advocate Sebastian Paul against Waqf in Munambam Waqf Board land dispute.