മുനമ്പം ഭൂമി പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം നാളെ. ഭൂമിയിലുള്ള സ്ഥലവാസികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത, നടപടികളുടെ നിയമസാധുത, തുടര്‍നീക്കങ്ങള്‍ എന്നിവയാണ് യോഗത്തിന്‍റെ അജന്‍ഡ. വഖഫ് ബോര്‍ഡിന്‍റെ വാദങ്ങളും പരിഗണിക്കും.
മുനമ്പം ഭൂമി പ്രശ്നം കൈവിട്ടുപോകാതെ നോക്കുകയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാവുംവിധം പ്രശ്നം വളര്‍ന്നത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. നിയമം, റവന്യൂ, വഖഫ് വകുപ്പ് മന്ത്രിമാരും വഖഫ് ബോര്‍ഡ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പെങ്കെടുക്കും.
വഖഫ് ബോര്‍ഡിന്‍റെ നിലപാട്, കോടതിയിലെ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ, സ്ഥലവാസികളുടെ ആവശ്യം എന്നിവ ചര്‍ച്ച ചെയ്യും. റവന്യൂ വകുപ്പ് നേരത്തെ മുനമ്പത്തെ ഭൂമി പോക്കുവരവുചെയ്ത് കരം സ്വീകരിച്ചിരുന്നു. അതിന്‍റെ വിശദാംശങ്ങളും പരിശോധിക്കും. റീസര്‍വേയുടെ കാര്യത്തിലും സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടിവരും.
ഫറൂഖ് കോളജിന് ഭൂമി കൈമാറിയത് മുതലുള്ള ഭൂരേഖകളുടെ പരിശോധന വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാണ് സ്ഥലവാസികള്‍ രൂപം നല്‍കിയ സമര സമിതിയുടെ പ്രധാന ആവശ്യം. താമസക്കാരുടെ ഭൂമി അവര്‍ക്ക് നല്‍കുന്നതിനെ എതിര്‍ക്കില്ല, പക്ഷെ സ്ഥലത്തെ 62 റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കണം എന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ നിലപാട്.
വഖഫ് ബോര്‍ഡിന്‍റെ നിലപാടും സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കുമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുസ്ലിം ലീഗ് പ്രതിനിധികള്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ കണ്ട് ഭൂമി വഖഫ് അല്ലെന്ന് അറിയിച്ചതോടെ എത്രയും വേഗം പ്രശ്നപരിഹാരം കാണേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമായി.