മന്ത്രി സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി റദ്ദാക്കി. സജി ചെറിയാന്റെ വാക്കുകള്‍ നല്ല ഭാഷയിലല്ലെന്ന് നിരീക്ഷിച്ച കോടതി ഭരണഘടനയെ മാനിക്കുന്നതല്ല പ്രസ്താവനയെന്നും വിലയിരുത്തി.
സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ പൊലീസിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സജി ചെറിയാൻ ഭരണഘടന അവഹേളനം നടത്തിയിട്ടില്ലെന്ന പൊലീസിന്റെ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി, കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റാരോപിതൻ മന്ത്രി ആയതിനാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ തലത്തിലുള്ള അന്വേഷണം മതിയാകില്ലെന്ന് വിലയിരുത്തിയ കോടതി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ നിർദ്ദേശിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥന്റെ അന്വേഷണത്തിന് ഉടൻ ഉത്തരവിട്ടണമെന്നാണ് ഡിജിപിക്ക് നിർദേശം. പൊലീസിന്റെ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. സജി ചെറിയാന്റെ വാക്കുകള്‍ നല്ല ഭാഷയിലല്ലെന്നും, ഭരണഘടനയെ മാനിക്കുന്നതല്ല പ്രസ്താവനയെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ല. റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റിന്റെ തീരുമാനം സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്നും കോടതി വിലയിരുത്തി.
രാജിയില്ലെന്നും, താൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞതായി കേട്ടിട്ടില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ സാന്ദർഭികമായി ഉപയോഗിച്ചതാണെന്നും, ഭരണഘടനയെ അവഹേളിക്കുന്നതല്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്.
സജി ചെറിയാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് വിധി. മന്ത്രിയെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നിലപാട് തെറ്റെന്ന് തെളിഞ്ഞുവെന്നും വി.ഡി പറഞ്ഞു.