കൊച്ചി കളമശേരിയിൽ അമിതവേഗതയിലെത്തിയ പ്രൊപ്പിലീന്‍ ടാങ്കര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് വാതകം ചോര്‍ന്നു. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചോര്‍ച്ച പരിഹരിച്ച് ടാങ്കര്‍ റോഡില്‍ നിന്ന് നീക്കി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ അലക്ഷ്യമായും അശ്രദ്ധമായും ടാങ്കര്‍ ഓടിച്ചതാണ് അപകടകാരണമെന്ന് ട്രാഫിക് എസിപി മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ഇരുമ്പനത്തു നിന്ന് 20ടണ്‍ പ്രൊപ്പിലീനുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട ടാങ്കര്‍ ലോറിയാണ് കളമശേരി ടിവിഎസ് ജംക്ഷനില്‍ രാത്രി പതിനൊന്നിന് മറഞ്ഞത്. നിമിഷങ്ങള്‍ക്കകം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. രണ്ട് മണിക്കൂറിന് ശേഷം ബിപിസിഎല്ലിന്‍റെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തുന്ന ഘട്ടത്തിലാണ് വാതകം ചോര്‍ന്നത്. ഇതോടെ സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
റെഗുലേറ്റര്‍ വാള്‍വിലുണ്ടായ ചോര്‍ച്ച അഞ്ച് മണിയോടെ അടച്ച് ടാങ്കര്‍ റോഡിന് വശത്തേക്ക് മാറ്റി. രാവിലെ ഒന്‍പത് മണിയോടെ മറ്റൊരു കാബിനെത്തിച്ച് ടാങ്കര്‍ ഇരുമ്പനത്തേക്ക് അയച്ചു. പെട്ടെന്ന് തിരിച്ചപ്പോള്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ മുത്തുവിന്‍റെ വിശദീകരണം. എന്നാല്‍ ഡ്രൈവറുടെ വാദങ്ങള്‍ തെളിവുകള്‍ നിരത്തി തള്ളുന്നു ട്രാഫിക് എസിപി. സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപാക്കാത്ത ബിപിസിഎലിനും ഗുരുതുരവീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍.
അപകടങ്ങള്‍ പതിവായിരുന്ന കളമശേരിയില്‍ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി അന്‍പത് ദിവസം പിന്നിടുമ്പോളുള്ള ആദ്യത്തെ അപകടമാണിത്.