പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ് വിദ്യാര്‍ഥിനി അമ്മു എ. സജീവിന്‍റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് കുടുംബം. മൂന്നു നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണു പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തേക്ക് മാറ്റിയത് ജീവന്‍രക്ഷാ ഉപാധികളൊന്നും ഇല്ലാതെയാണെന്ന് നഴ്സ് കൂടിയായ അമ്മ രാധാമണി മനോരമ ന്യൂസിനോട് പറഞ്ഞു.
കുട്ടി അപകടത്തില്‍പെട്ടശേഷം കോളജ് –ഹോസ്റ്റല്‍ അധികൃതര്‍ അപകടത്തേപ്പറ്റി പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ശരീരത്തിന്‍റെ മൂന്നിടങ്ങളില്‍ പൊട്ടലുണ്ടായിരുന്നു. എന്നിട്ടും പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് ഓക്സിജന്‍ മാസ്ക് പോലും വയ്ക്കാതെയെന്ന് രാധാമണി ആരോപിക്കുന്നു.
അമ്മുവിനെ 1 മണിക്കൂർ 37 മിനിട്ട് ആശുപത്രിയിൽ കിടത്തിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് പറഞ്ഞിട്ടും ബന്ധുക്കള്‍ എത്തട്ടെയെന്ന് പറഞ്ഞ് സമയം വൈകിപ്പിച്ചവരെ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അപകടശേഷം മകളോട് സംസാരിക്കുന്നതിനിടെ കൂടെയുളളവര്‍ വേഗത്തില്‍ ഫോണ്‍ മാറ്റി. തുണിയെടുക്കാൻ പോയപ്പോൾ കാൽതെറ്റി വീണെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത് ആദ്യം പറഞ്ഞത്. പിന്നീട് കെട്ടിടത്തില്‍ നിന്ന് ചാടിയെന്ന് മാറ്റി പറഞ്ഞതിലും കുടുംബം ദുരൂഹത ആരോപിക്കുന്നു. അമ്മുവിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് കുടുംബം.