പണംകൊടുത്തുവാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുനമ്പം സമരസമിതി. ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ പൂർണമായും അംഗീകരിക്കാതെ സർക്കാർ തീരുമാനത്തിന് എതിരെ സമരക്കാർ പന്തം കൊളുത്തി പ്രതിഷേധിച്ചു.  തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ നാളെ വൈകിട്ട് അഞ്ചിന് പൊതുയോഗവും വിളിച്ചു. 

ഉന്നതതല യോഗ തീരുമാനം വന്നതിന് പിന്നാലെ മുനമ്പം നിവാസികൾ പ്രതിഷേധം കടുപ്പിച്ചു. നൂറു കണക്കിന് ആളുകൾ മുനമ്പത്തു പന്തം കൊളുത്തി പ്രകടനം നടത്തി. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷനിൽ വിശ്വാസം ഇല്ലെന്ന് സമര സമിതി നേതാക്കൾ. മുഖ്യമന്ത്രി വന്ന് സൗഹൃദ സംഭാഷണം നടത്തിയിട്ട് കാര്യമില്ലെന്നും പ്രതികരണം.

വില കൊടുത്തു വാങ്ങിയ ഭൂമിയിൽ ഉടമസ്ഥ അവകാശം ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. തുടർ പ്രതിഷേധ പരിപാടികൾ നാളെ സമര സമിതി നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും.