മുനമ്പം വഖഫ് ഭൂമി നിയമവിരുദ്ധമായി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റാണെന്ന് വഖഫ് സംരക്ഷണ സമിതിയും ഭൂമിയുടെ മുൻ ഉടമയായ സിദ്ദിഖ് സേട്ടിന്റെ കുടുംബവും. എന്നാൽ ഏകപക്ഷീയമായാണ് ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതെന്ന വാദവുമായി ഫറൂഖ് കോളജും രംഗത്തെത്തി. കേസ് പരിഗണിക്കാനായി കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി.
1950 ലാണ് മുനമ്പം ഭൂമി സൗജന്യമായി ഫറൂഖ് കോളജിന് ലഭിച്ചത്. വഖഫ് ആവശ്യത്തിന് എന്ന് പറഞ്ഞാണ് ഭൂമി കൈമാറിയതെന്ന് സിദ്ദിഖ് സേട്ടിന്റെ കുടുംബം വാദിക്കുന്നു. വഖഫ് ആവശ്യത്തിനായി നൽകിയ ഭൂമി എങ്ങനെ വിൽപ്പന നടത്തും എന്നുള്ളതാണ് ഇവർ ഉയർത്തിയ പ്രധാന ചോദ്യം. അതിനാൽ തന്നെ നിയമവിരുദ്ധമായി ഭൂമി വില്പന നടത്തിയ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ മറുപടി പറയണമെന്ന് വഖഫ് സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. സിദ്ദിഖ് സേട്ടിന്റെ കുടുംബത്തിനൊപ്പം വഖഫ് സംരക്ഷണ സമിതിയും കേസിൽ കക്ഷി ചേരും.
ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിന് എതിരെ ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ അപ്പീലാണ് വഖഫ് ട്രൈബ്യൂണൽ ഇന്ന് പരിഗണിച്ചത്. ഭൂമി ഏറ്റെടുത്തത് ഏകപക്ഷീയമായി ആണെന്നും തങ്ങളുടെ വാദം കേട്ടില്ലെന്നും ഫറൂഖ് കോളജ് അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇരുകൂട്ടരും ഡിസംബർ 6ന് ട്രൈബ്യൂണലിൽ ഹാജരാക്കും.