വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിച്ച് വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. 25ന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. നവംബർ 29ന് കേസ് വീണ്ടും പരിഗണിക്കും.
കാഫിർ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും ഫൊറൻസിക് പരിശോധന ഫലവും കോടതിയിൽ ഇന്ന് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. രാവിലെ കേസ് പരിഗണിച്ചപ്പോൾ അന്വേഷണം റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി അന്ത്യശാസനം നൽകി. എന്നാൽ റിപ്പോർട്ട് തയ്യാറാക്കാൻ പരിമിതമായ സമയം മാത്രമാണ് ലഭിച്ചതെന്ന് ഉച്ചയ്ക്കുശേഷം വടകര പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് തിങ്കളാഴ്ച വരെ വടകര ഒന്നാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സമയം അനുവദിച്ചത്. അതിനിടെ അന്വേഷണം കാര്യക്ഷമല്ലെന്നു യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കോടതിയെ അറിയിച്ചു. എട്ടുമാസം പിന്നിട്ടിട്ടും കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാനും പൊലീസിന് ആയിട്ടില്ല.