വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ആവാസവ്യവസ്ഥയൊരുക്കുന്ന തണ്ണീര്‍ത്തടത്തിന് കാവല്‍ നില്‍ക്കുകയാണ് കോഴിക്കോട് വാഴത്തുരുത്തിയിലെ 107 കുടുംബങ്ങള്‍. 100 ഏക്കറോളം വരുന്ന ഭൂമി കയ്യേറാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെതിരെ പ്രാദേശിക ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജൈവസമ്പത്ത് സംരക്ഷിക്കാന്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് കുടുംബങ്ങള്‍.
കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള തണ്ണീര്‍ത്തടം. തിങ്ങി വളര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍കാട്ടുകളും വിവിധ ജീവജാലങ്ങളുമായി പ്രകൃതിയുടെ സമൃദ്ധമായ മടിത്തട്ട്.
ഗ്രീന്‍ ട്രൈബ്യൂണലിന്‍റെ സര്‍വേയില്‍ 500 കണ്ടല്‍കാടുകള്‍ തിങ്ങിവളരുന്ന അപൂര്‍വ പ്രദേശങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയ സ്ഥലാണ്. അവിടേക്കാണ് ജിസിബി കൈകള്‍ അതിക്രമിച്ചു കയറുന്നത്. ഇതിനോടകം തന്നെ നിരവധി മണ്‍തിട്ടകള്‍ പ്രദേശത്ത് രൂപപ്പെട്ടിടുണ്ട്. പ്രദേശത്തിന് സമീപത്ത് കൂടി ഒഴുകുന്ന കോനിലി കനാല്‍ വഴിയാണ് കണ്ടല്‍കാടുകള്‍ക്ക് വളരാന്‍ സഹായകമാകുന്ന ഉപ്പുവെള്ളം എത്തുന്നത്. അത് ഒഴുകി എത്തുന്ന ചാലുകള്‍ മൂടി കളഞ്ഞെന്നും ആക്ഷേപമുണ്ട്. പ്രകൃതി നല്‍കുന്ന ശുദ്ധമായ വായും ജലവും വരുന്ന തലമുറയ്ക്ക് കൂടി കരുതാന്‍ വേണ്ടിയാണ് വാഴത്തുരുത്തിയിലെ കുടുംബങ്ങളുടെ പോരാട്ടം.