ഇടുക്കി മറയൂര്‍ പുലയ ഗോത്രവിഭാഗക്കാരനായ ചന്ദ്രദാസ് കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയിലേക്ക് എത്തിയത് ഏറെ അഭിമാനത്തോടെയാണ്. ചന്ദ്രദാസ് ഉള്‍പ്പെടുന്ന ഗോത്രസമൂഹത്തിന്‍റെ തനത് കലയായ മലപ്പുലയ ആട്ടം ഈ വര്‍ഷം മുതലാണ് മത്സര ഇനമായത്. ചന്ദ്രദാസ് പരിശീലിപ്പിച്ച നരിക്കുനി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് മടങ്ങിയത്.
ചെറുപ്പം മുതല്‍ ചുവടുവച്ച് പഠിച്ച കലയെ ഇന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലുള്ള അഭിമാനമാണ് ഈ മുഖത്ത്. മലപ്പുലയ ആട്ടം മത്സര ഇനമാക്കി പ്രഖ്യാപിച്ചെങ്കിലും പഠിപ്പിക്കാന്‍ ആളില്ലായിരുന്നു. ഒടുവില്‍ മറയൂരില്‍ നേരിട്ടുപോയ നരിക്കുനി സ്കൂളിലെ അധ്യാപകര്‍ ചന്ദ്രദാസിനെ കണ്ടെത്തി. ആദ്യമൊന്ന് മടിച്ച ചന്ദ്രദാസ് പിന്നീട് സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. ഗോത്ര കലയുടെ ആദ്യ പാഠങ്ങള്‍ പറഞ്ഞ് കൊടുത്ത് പരിശീലിപ്പിച്ചു. ഫലം വന്നപ്പോഴാകട്ടെ ഒന്നാമത്.
മാരിയമ്മന്‍, മധുരമീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. പാട്ട് പാടാറില്ല പകരം ചിക്കു വാദ്യം, കിടിമുട്ടി, കട്ടവാദ്യം എന്നീ ഉപകരണങ്ങളുടെ താളത്തിലാണ് ചുവടുവയ്ക്കുന്നത്. കോലുകള്‍ അടിച്ച് താളത്തിന്‍റെ വേഗതയ്ക്കനുസരിച്ച് ചുവടുകള്‍ മാറ്റിയാണ് നൃത്തം ചെയ്യുന്നത്.