TOPICS COVERED

നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന് നാളെ ഒരുവര്‍ഷം  . പല വകുപ്പുകൾ അന്വേഷണങ്ങൾ പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടി മാത്രമുണ്ടായില്ല. തിക്കിലും തിരക്കിലും പെട്ട് കുട്ടികളുടെ ജീവനും സ്വപ്നങ്ങളും പൊലിഞ്ഞത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ കറുത്ത ദിനമാണ്.  

ഒരു വർഷം മുൻപ്. ധിഷണ ടെക്നിക്കൽ കലോത്സവം നടക്കുന്നു. ഉത്സവ പ്രതീതിയിലായിരുന്നു അന്ന് ക്യാമ്പസ്. സെലിബ്രിറ്റി ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യ വൈകിട്ടുണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. ആദ്യമേ എത്തി സീറ്റ് പിടിച്ചവർ നിരവധി. പരിപാടി തുടങ്ങുമ്പോൾ ഓഡിറ്റോറിയത്തിലേക്ക് കയറാം എന്ന് കരുതിയവർ കൂട്ടുകാരുടെ സൊറ പറഞ്ഞു ക്യാമ്പസിലൂടെ കൈപിടിച്ച് നടന്നു.

പെട്ടെന്ന് ഓഡിറ്റോറിയത്തിൽ നിന്ന് ആരവം കേട്ടതോടെ, പരിപാടി തുടങ്ങിഎന്ന് തെറ്റിദ്ധരിച്ച് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. പെട്ടെന്ന് പെയ്ത മഴ നനയാതിരിക്കാൻ ഓഡിറ്റോറിയത്തിലേക്ക് കയറി കൂടാനും ശ്രമം.  നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടം മുതലേ ഏറെ പഴികേട്ടതാണ് ഗാനസന്ധ്യ നടന്നിരുന്ന ഓഡിറ്റോറിയം. മരണക്കിണർ എന്ന് സിവിൽ എഞ്ചിനിയർമാർ വിശേഷിപ്പിച്ച നിർമിതി. തറ നിരപ്പിൽ നിന്ന് കുത്തനെയുള്ള പടിക്കെട്ടുകൾ ഇറങ്ങിയാണ്‌ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കേണ്ടത്. 

അപകടത്തിൽ നാല് മരണം. 60ലധികം പേർക്ക് പരിക്ക്. അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. ഗാന സന്ധ്യയെ കുറിച്ച് കുസാറ്റിലെ രജിസ്റ്റർ ഓഫീസ് പൊലീസിനെ അറിയിച്ചില്ലെന്ന് റിപ്പോർട്ടു വന്നു. പരിപാടിയെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന്‌ സർവകലാശാലയും വാദിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതിക്ക് മുൻപിൽ ആണ്. പോലീസ് അന്വേഷണവും പാതിവഴിയിൽ നിലച്ചു.  മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ അനുവദിച്ചു. എങ്കിലും, ആ നാലു പേരുണ്ടാക്കിയ വിടവ് വീടുകളിലും ക്ലാസ് മുറികളിലും നികത്താൻ ആവാതെ കിടപ്പുണ്ട്. ഒരു വർഷമായി ഓഡിറ്റോറിയവും പൂട്ടിയിട്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Tomorrow marks one year since the cusat tragedy which led to the death of four people