ആലപ്പുഴയിൽ കുറുവ കവർച്ച സംഘത്തെക്കുറിച്ചുള്ള ഭീതി നിലനിൽക്കേ വ്യാജ സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. അയൽ സംസ്ഥാനങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ എടുത്ത് കുറുവ സംഘം ആലപ്പുഴയിൽ കവർച്ചക്കെത്തിയപ്പോൾ എന്നു പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂണിൽ നടന്ന ഒരു മോഷണത്തിൻ്റെ ദൃശ്യങ്ങളാണ് കുറുവ സംഘത്തിൻ്റേത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
കച്ച ബനിയൻ ഗ്യാങ്ങ് എന്ന കുപ്രസിദ്ധ ഉത്തരേന്ത്യൻ മോഷണ സംഘത്തിൻ്റെ ദൃശ്യങ്ങളാണിതെന്ന് പൊലീസിന് വ്യക്തമായി. എന്നാൽ ഈ സംഘത്തിൻ്റെ കവർച്ച ആലപ്പുഴയിലോ കേരളത്തിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലിസ് വിശദീകരിക്കുന്നത്. മൈസൂരുവിൽ നടന്ന മോഷണം എന്ന പേരിലും ഇതേ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
കർണാടക പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ടപ്പോൾ മൈസൂരുവിൽ അങ്ങനെയൊരു മോഷണം നടന്നിട്ടില്ലെന്നാണ് അവർ അറിയിച്ചു. കുറുവാ സംഘത്തിലെ സന്തോഷ് സെൽവത്തെ പിടി കൂടിയ ശേഷം ഈ സംഘത്തെ സംശയിക്ക തരത്തിലുള്ള കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുണ്ടന്നൂർ പാലത്തിന് സമീപം തമ്പടിച്ച നാടോടി സംഘത്തെ ഒഴിപ്പിക്കുകയും ചെയ്തു. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് പൊലിസിൻ്റെ അഭ്യർത്ഥന.