തന്റെ ആത്മകഥയെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നത് ആസൂത്രിതമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. അതുവഴി തന്നെ തകര്‍ക്കാനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പ്രസാധകര്‍ പാലിക്കേണ്ട മര്യാദ ഡി.സി ബുക്സ് പാലിച്ചില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. പ്രസിദ്ധീകരിക്കുന്നതിനായി ഡിസിബുക്സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഞാന്‍ പറഞ്ഞു ഇത് പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയായാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിച്ച് ചെയ്യാം എന്നാണ് പറഞ്ഞതെന്നും ഇപി വിശദീകരിച്ചു.

ഇ.പി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: 'ഈ തിരഞ്ഞെടുപ്പ് ദിവസമാണ് ആത്മകഥ വാര്‍ത്ത പുറത്തുവന്നത്. മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ആദ്യം പ്രമുഖ ഇംഗ്ലിഷ് ദിനപത്രത്തില്‍ വരുന്നു. അതില്‍  ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ? ആസൂത്രിതമായ നീക്കമുണ്ട്. എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത കൊടുത്തത്? ലോകസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 24ന് നടക്കുമ്പോള്‍ അന്ന് രാവിലെ എന്താ സംഭവിച്ചത്? ജാവഡേക്കറെ ഇപി കണ്ടെന്ന് വാര്‍ത്ത വന്നില്ലേ? 2023 ആദ്യത്തിലാണ് ജാവഡേക്കര്‍ പോകുന്ന വഴിയില്‍ എന്നെ പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വന്നത്. ആദ്യം തന്നെ അദ്ദേഹം പറഞ്ഞത് ഞാനിവിടത്തെ ബിജെപിയുടെ പ്രധാനപ്പെട്ട ചുമതലയേറ്റെടുത്തിട്ടുണ്ട്. 'ഞങ്ങള്‍ എല്ലാ രാഷ്ട്രീയക്കാരെയും കണ്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടുണ്ട്, വിഡി സതീശനെ കണ്ടിട്ടുണ്ട്, രമേശ് ചെന്നിത്തലയെ കണ്ടിട്ടുണ്ട്. നിങ്ങളുമായി പരിചയപ്പെടാന്‍ വന്നതാണ്' എന്നു പറഞ്ഞു. നല്ലത് , സന്തോഷമെന്ന് ഞാന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ പിരിഞ്ഞു. ഈ വാര്‍ത്ത സ്ഥിരീകരിക്കുകയാണ് രാവിലെ വന്നിട്ട്. എനിക്ക് കളവ് പറയാന്‍ പറ്റുമോ? കണ്ടില്ലെന്ന് പറയാന്‍ പറ്റുമോ? കണ്ടത് സത്യമാണ്. ഒന്നര വര്‍ഷം മുന്‍പ് കണ്ടതാണ്. പക്ഷേ അന്ന് രാവിലെ കണ്ടതുപോലെയാണ് വാര്‍ത്ത വന്നത്. എന്നെ പാര്‍ട്ടിക്കകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുകയെന്ന പദ്ധതിയായിരുന്നു അത്. അതിന്റെ ആവര്‍ത്തനമല്ലേ ഇപ്പോള്‍ വന്നത്'.- ഇപി കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിനെ വെട്ടിലാക്കി ജയരാജന്‍റേത് എന്നവകാശപ്പെട്ടുള്ള ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ അവസരവാദിയാണെന്നായിരുന്നു പരാമര്‍ശങ്ങളിലൊന്ന്. 'കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരാണ് ആത്മകഥയ്ക്ക് നല്‍കിയിരുന്നത്.

യുഡിഎഫില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കും മുന്‍പുള്ള മറുകണ്ടംചാടലാണ് സരിന്റേതെന്നും പുസ്തകത്തില്‍ എഴുതിയിരുന്നു. സ്വതന്ത്രര്‍ വയ്യാവേലിയായ സന്ദര്‍ഭമുണ്ടെന്നും പി.വി.അന്‍വര്‍ അതിന്റെ പ്രതീകമാണെന്നും പരാമര്‍ശമുണ്ട്. പേജുകളുടേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.  പിന്നാലെ താന്‍ ആത്മകഥ എഴുതുന്നുണ്ടെന്നും എന്നാല്‍ ഇങ്ങനെയൊരു പേര് അതിന് നല്‍കിയിട്ടില്ലെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ഇപി മാധ്യമങ്ങളോട് വിശദീകരിച്ചു. പുസ്തകത്തിലേതെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്നും ഇപി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇപി ഇക്കാര്യത്തില്‍ വിശദീകരിച്ചു. ഇപിയെ വിശ്വസിക്കുന്നുവെന്നായിരുന്നു സിപിഎം നിലപാടെടുത്തത്. 

ENGLISH SUMMARY:

CPM Central Committee member E.P. Jayarajan stated that the news about his autobiography in the newspaper was planned and deliberate He alleged that there was a deliberate move on election day to defeat the party and, through it, to destroy him.