കൊച്ചിയില്‍ സിറ്റി ട്രാഫിക് എസിപി എ.എ അഷ്റഫ് ഓടിച്ച പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ചിറ്റിലശേരി ഫ്രാന്‍സിസ് (78) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഫ്രാന്‍സിസ് ചികില്‍സയിലായിരുന്നു. നവംബര്‍ രണ്ടാം തീയതി രാത്രിയോടെയാണ് അപകടമുണ്ടായത്.
എസിപി ഓടിച്ച ജീപ്പ് പുത്തന്‍വേലിക്കരയില്‍ വച്ച് പള്ളിയില്‍ നിന്നും തൊട്ടുമുന്നിലുള്ള വീട്ടിലേക്ക് കടക്കുകയായിരുന്ന ഫ്രാന്‍സിസിനെ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് പൊലീസ് ജീപ്പില്‍ ഫ്രാന്‍സിസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ഇരുപത് മിനിറ്റോളം വൈകിയിരുന്നു. അബോധാവസ്ഥയിലാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് തൃശൂരിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. മൂന്നാഴ്ചയോളം ചികില്‍സിച്ചുവെങ്കിലും ഫ്രാന്‍സിസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മരണം സംഭവിച്ചത്.
അപകടമുണ്ടാക്കിയ എസിപിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ അജ്ഞാത വാഹനമിടിച്ചെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഫ്രാന്‍സിസിന്‍റെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസിപി അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.