നെഞ്ചുപിടയുന്ന കാഴ്ചകളായിരുന്നു തൃശൂര്‍ നാട്ടികയിലേത്. അപകടമറിഞ്ഞ് ആദ്യം ഓടിയെത്തിയ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ദയനീയമായ രംഗം കണ്ട് നടുങ്ങി. ഛിന്നഭിന്നമായ മൃതദേഹ അവശിഷ്ടങ്ങളായിരുന്നു റോഡില്‍.
റോഡിലെ കൂട്ടനിലവിളി കേട്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. നാടോടി സംഘത്തിലെ ആളുകള്‍ അടുത്ത വീടുകളില്‍ കയറി അവരെ ഉണര്‍ത്താന്‍ ശ്രമിച്ചു. കുറുവ സംഘത്തിന്റെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പലരും ആദ്യം വാതില്‍ തുറക്കാന്‍ പേടിച്ചു. അപകടം സംഭവിച്ച വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ സഹായവുമായെത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആക്ട്സ് നമ്പറിലേക്ക് വിളിച്ചു. ദേശീയപാതയുടെ വിവിധയിടങ്ങളില്‍ ക്യാംപ് ചെയ്തിരുന്ന ആംബുലന്‍സുകള്‍ പന്ത്രണ്ടെണ്ണം വേഗം പാഞ്ഞെത്തി. പിന്നെ, ആംബുലന്‍സ് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഉപജീവനത്തിനായി ചെറിയ ജോലികള്‍ ചെയ്യാനാണ് വിവിധ നാടുകളില്‍ ഇവര്‍ തമ്പടിക്കുന്നത്. കുടുംബസമേതാണ് വരവ്. വഴിയരികിലെ തുറസായ സ്ഥലത്തു ടെന്‍ഡ് കെട്ടിയാണ് രാത്രിയുറക്കം.