കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തെ കുറിച്ചുള്ള റവന്യൂവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ പൊലീസ് അന്വേഷണം തടസപ്പെടുമെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റേത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തേടിയുള്ള മനോരമ ന്യൂസിന്‍റെ വിവാരാവാകാശ അപേക്ഷയിലാണ്, പൊലീസ് അന്വേഷണം തടസപ്പെടുമെന്ന് ആഭ്യന്തര വകുപ്പിന്‍റെ കൂടി നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ മറുപടി
യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ അവഹേളിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ബാബു ജീവനൊടുക്കിയത് ഒക്ടോബര്‍ 15നായിരുന്നു. ഇതേപ്പറ്റി സമഗ്രമായി അന്വേഷിക്കാനായിരുന്നു ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണര്‍ എ. ഗീതയെ റവന്യൂ വകുപ്പ് നിയോഗിച്ചത്. ജീവനക്കാരുടെ ഉള്‍പ്പടെ മൊഴിയെടുത്ത് ഗീത സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും മരണം നടന്ന് ഒന്നര മാസമാകാറായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും ഉള്ളടക്കവും തേടിയ മനോരമ ന്യൂസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി ഇങ്ങനെയാണ്..'ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുണ്ട്. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും തുടര്‍ന്ന് വരികയാണ്. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിക്കുന്നു'.