കായംകുളത്ത് പ്രതിക്കായി വ്യാജ കരം രസീത് കോടതിയിൽ നൽകിയ പഞ്ചായത്തംഗത്തെയും ബിരിയാണി ചലഞ്ച് കേസിലെ പ്രതിയെയും സിപിഎം കായംകുളം ഏരിയ സമ്മേളന പ്രതിനിധിയാക്കി. ഒരു വിഭാഗത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് ഇരുവരെയും പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഏരിയ സമ്മേളന പ്രതിനിധിയാക്കിയത്. ഇരുവരുടെയും തട്ടിപ്പുകൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് CPM നേതൃത്വം പറഞ്ഞിരുന്നത്.
2015 ലെ ഒരു കേസുമായി ബന്ധപെട്ട് പിടിയിലായ മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് ജാമ്യം കിട്ടുന്നതിനാണ് പഞ്ചായത്ത് അംഗവും Cpm ബ്രാഞ്ച് സെക്രട്ടറിയുമായ ശ്യാമ വേണു വ്യാജ കരം രസീത് കോടതിയിൽ നൽകിയത്. മുൻ കാപ്പാ കേസ് പ്രതികൂടിയാണ് സിബി ശിവരാജൻ . രണ്ടു മാസം മുൻപ് മറ്റൊരാൾക്ക് പോക്കുവരവ് നടത്തിയ വസ്തുവിന്‍റെ കരം അടച്ച രേഖയാണ് സ്വന്തം വസ്തുവിന്‍റേത് എന്ന പേരിൽ കോടതിയിൽ നൽകിയത്. ഹാജരാക്കിയത് വ്യാജ കരം രസീതാണെന്ന് അറിഞ്ഞതോടെ കായംകുളം കോടതി ജാമ്യം റദ്ദാക്കി. മജിസ്ട്രേട്ട് കോടതി ജില്ലാ കോടതിക്ക് റിപ്പോർട്ടും നൽകി. വയനാടിനായി സഹായം സമാഹരിക്കാനാണ് തണൽ എന്ന തട്ടിക്കൂട്ട് സംഘടന ഉണ്ടാക്കി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ഈ കേസിലെ ഒന്നാം പ്രതി അരുൺ ആണ് പുതുപ്പള്ളിയിൽ നിന്ന് ഏരിയ സമ്മേളന പ്രതിനിധിയായത്. CPM ബ്രാഞ്ച് സെക്രട്ടറിയാണ് അരുൺ. ആരോപണവിധേയരായ ഇരുവരെയും ഏരിയ സമ്മേളന പ്രതിനിധികളാക്കിയതിനെതിരെ സിപി എം പ്രവർത്തകർ പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധിക്കുന്നുണ്ട്.തട്ടിപ്പിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് നേരത്തെ CPM നേതൃത്വം അറിയിച്ചിരുന്നത്. വ്യാജ കരം രസീത് ഹാജരാക്കിയ പഞ്ചായത്ത് അംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.