തൃശൂരില്‍ വഴിയോരത്ത് കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ച വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. അതിദാരുണ സംഭവത്തില്‍ ഏഴുപേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുമുണ്ട്. നാട്ടിക ജെ.കെ തിയറ്ററിനടുത്ത് പുലര്‍ച്ചെ നാലിനാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നുവന്ന തടി ലോറി നാടോടി സംഘത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
ALSO READ; തൃശൂരില്‍ നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ; അഞ്ചുമരണം
ലോറിയുടെ ക്ലീനറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നോ എന്ന സംശയവും ശക്തമാണ്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്ലീനറാണ് വാഹനം ഓടിച്ചിരുന്നതെന്ന വിവരമടക്കം അറിഞ്ഞത്. ക്ലീനര്‍ക്ക് ലൈസന്‍സുണ്ടോ എന്നടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
ഹൈവേയോട് ചേര്‍ന്ന് ടെന്‍റ് അടിച്ച് കിടന്നവര്‍ക്കു മേലാണ് ലോറി കയറിയിറങ്ങിയത്. വഴിയോര കച്ചവടവും മറ്റും ചെചെയ്തിരുന്നവരാണ് ഇവര്‍. ഒന്‍പതുപേരാണ് ഇവിടെ കിടന്നിരുന്നത്. നാലു വയസ്സുള്ള ജീവന്‍, ലോറി കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20) മറ്റൊരു കുഞ്ഞുമാണ് മരണപ്പെട്ടത്. പരുക്കേറ്റവരിൽ ഒരാൾ കരഞ്ഞുകൊണ്ട് ഓടി വരുന്നത് കണ്ട് ഒരു നാട്ടുകാരനാണ് പൊലീസിൽ വിവരമറിയിച്ചതെന്നാണ് വിവരം.
റോഡരികില്‍ സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡ് ലോറി ഡ്രൈവര്‍ കണ്ടില്ല, നിയന്ത്രണം വിട്ട് നാടോടികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ ചികിത്സയിലുള്ളവരില്‍ പലരുടെയും നില ഗുരുതരമാണ്. മുപ്പത് മീറ്ററോളം ലോറി ഇവിടേക്ക് ഇടിച്ചു കയറി പാഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. വഴിയരികില്‍ കിടക്കരുതെന്ന് നാടോടി സംഘത്തിന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പാലക്കാട് ഗോവിന്ദാപുരം ചെമ്പന്തോട് കോളനിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടതെന്ന വിവരവും എത്തുന്നുണ്ട്.