ശബരിമല തീര്‍ഥാടകരുടെ പ്രധാന ആശ്രയമാണ് ദേവസ്വം ബോര്‍ഡിന്‍റെ ചുക്കുവെള്ള വിതരണം. പമ്പ മുതല്‍ സന്നിധാനം വരെ നൂറോളം കുടിവെള്ള വിതരണ കേന്ദ്രങ്ങളാണ് ഉള്ളത്. പമ്പയില്‍ സ്റ്റീല്‍കുപ്പികളും വിതരണം ചെയ്യുന്നുണ്ട്.
പമ്പമുതല്‍ സന്നിധാനം വരെ ചുക്കുവെള്ളവിതരണം. ശരംകുത്തിയില്‍ ചുക്കുവെള്ളം തിളപ്പിക്കാനായി 15000 ലീറ്ററിന്‍റെ മൂന്ന് ബോയിലറുകളുണ്ട്. നാലാമത്തെ ബോയിലറിന്‍റെ പണി നടക്കുന്നു. പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴിയാണ് വെള്ളം എത്തുന്നത്.
ശരംകുത്തി മുതല്‍ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നത് വരെ 20 പൈപ്പുകളുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്ന് വെള്ളം ശേഖരിക്കാം. നടപ്പന്തലില്‍ വരി നില്‍ക്കുന്നവര്‍ക്കായി കുപ്പിയില്‍ വെള്ളം വിതരണം ചെയ്യാന്‍ ജീവനക്കാരുണ്ട്. നടപ്പന്തലില്‍ അഞ്ച് ട്രോളികളിലായി സ്റ്റീല്‍പാത്രത്തില്‍ 24 മണിക്കൂറും ചുക്കുവെള്ളം വിതരണം ചെയ്യും. അപ്പാച്ചി മേട് മുതല്‍ സന്നിധാനം വരെ 607 ജീവനക്കാരാണ് മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്.
ശരംകുത്തിക്ക് പുറമേ പമ്പയിലും, സന്നിധാനത്തും, മാളികപ്പുറത്തും ചുക്കുവെള്ളം തിളപ്പിക്കുന്നുണ്ട്. സന്നിധാനത്ത് പ്ലാസ്റ്റില് നിരോധനമുള്ളതിനാല്‍ വെള്ളം നിറയ്ക്കാനായി പമ്പയില്‍ നൂറുരൂപ നല്‍കിയാല്‍ സ്റ്റീല്‍ കുപ്പി വാങ്ങാം. തിരിച്ചിറങ്ങുമ്പോള്‍ കുപ്പി തിരിച്ചുനല്‍കി പണം മടക്കി വാങ്ങാം. ചുക്കുവെള്ളത്തിന് ഒപ്പം തീര്‍ഥാടകര്‍ക്ക് ബിസ്കറ്റും നല്‍കും.