മുനമ്പം ഭൂമി പ്രശ്നം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ ചീഫ് സെക്രട്ടറി തയ്യാറാക്കും. കമ്മിഷനു വേണ്ട ഓഫീസ് സൗകര്യം ഉൾപ്പടെയുള്ളവ ജില്ലാ കളക്ടർ ഉറപ്പാക്കണം. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരോട് അഭ്യർത്ഥിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിഗണനാ വിഷയം തീരുമാനിക്കാത്തതിനാല്‍ കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങാനാകാത്തത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ സര്‍ക്കാര്‍ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്താത്തിനാല്‍ മുനമ്പം പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച ജുഡീഷ്യൽകമ്മിഷന് പ്രവര്‍ത്തനം തുടങ്ങാനാകാത്തത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിഗണനാ വിഷയങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മനോരമ ന്യൂസിനോട് പറഞ്ഞത്. ഭൂരേഖകൾ പരിശോധിക്കും. മൂന്നുമാസം കാലാവധി പരിമിതമാണ്. ആവശ്യമെങ്കിൽ നീട്ടി ചോദിക്കും. സർവേ വേണ്ടിവരില്ലെന്നും ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, മുനമ്പത്തെ താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നായിരുന്നു സമരസമിതി പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ അദ്ദേഹം നല്‍കിയ ഉറപ്പ് . ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കാനാണു സർക്കാരിന്റെ ശ്രമം. രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുനമ്പം പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതില്‍ സര്‍ക്കാരിനെതിരെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ വാക്കുകേട്ട് വിവരദോഷം കാണിക്കണോ? ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ഒരു കമ്മിഷനും ആവശ്യമില്ല. മുസ്‌ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും പാപ്ലാനി പറഞ്ഞു.