മകള്‍ക്കുണ്ടായത് അതിക്രൂരമായ പീഡനമെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. മകളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പോലും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ ക്രൂരമായാണ് മകളെ മര്‍ദിച്ചതെന്നും പിതാവ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം അയച്ചാല്‍ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്. മകള്‍ മാനസികമായി തകര്‍ന്ന നിലയിലാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കും, കോടതി ഉത്തരവ് പുനഃപരിശോധിക്കണം. കേസുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസിനെ ആക്രമിച്ചതിലും രാഹുലിനെതിരെ കേസെടുത്തേക്കും. മർദനമേറ്റ് യുവതി ആശുപത്രിയിൽ ആയതിനെ തൊട്ടുപിന്നാലെ പാലാഴിയിലെ ഒരു വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പ്രതി ബലം പ്രയോഗിച്ചത്. Also Read: ‘ബെല്‍റ്റ് വച്ച് അടിച്ചു, കേബിള്‍ വച്ച് കഴുത്ത് മുറുക്കി’ അന്ന് പറഞ്ഞത് നുണ, വീണ്ടും ആരോപണം
മദ്യലഹരിയിൽ പൊലീസിനെ മർദ്ദിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൂടി കേസെടുക്കാനാണ് ആലോചന. കേസിൽ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.