ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രൻ മാറി വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ കേന്ദ്ര നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ബി.ജെ.പി കേന്ദ്ര നേതൃത്വം വീണ്ടും കെ. സുരേന്ദ്രനിൽ വിശ്വാസമർപ്പിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ പ്രാഥമിക റിപ്പോർട്ട് മുഖവിലക്കെടുത്തു കൊണ്ടാണ് തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ഉറപ്പായും അധികാരം നേടണമെന്നും കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ ഉൾപ്പടെ മുന്നേറണമെന്നുമാണ് കേന്ദ്രനിർദ്ദേശം. മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയുടെ കാര്യത്തിലും കൃത്യമായ ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പൊഴേ പ്രവർത്തനം തുടങ്ങണം. Also Read: 'വിമതര്‍ക്കെതിരെ നടപടി വേണം'; പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ അട്ടിമറി?...
പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംസ്ഥാന സമിതിയുടെ വിശദീകരണം കേന്ദ്രനേതൃത്വം അംഗീകരിച്ചു. വിമതനീക്കം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉടനുണ്ടാകും. അടുത്ത മാസം ഏഴിനും എട്ടിനും കൊച്ചിയിൽ ചേരുന്ന നേതൃയോഗം ഇക്കാര്യങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യും. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി മറുപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്ന് വാർത്തകൾ വന്നതല്ലാതെ അത്തൊരമൊരു നീക്കം ഉണ്ടായില്ല. നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കറും സ്ഥിരീകരിച്ചു.
അതേസമയം, പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിയിൽ അച്ചടക്ക നടപടിയുണ്ടായാൽ രാജി വയ്ക്കുമെന്ന് ആവർത്തിച്ച് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ. അനുനയ നീക്കത്തിന് വിളിച്ച സംസ്ഥാന ഭാരവാഹികളോടാണ് പത്തിലേറെ കൗൺസിലർമാർ വീണ്ടും നിലപാടറിയിച്ചത്. സ്ഥാനാർഥിക്കെതിരായ വികാരം കാരണം തോൽവി നേരിട്ടത് നഗരസഭ ഭരണത്തിന്റെ പോരായ്മ കൊണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമമെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം.
കൗൺസിലർമാർ പിന്തുണ പിൻവലിച്ചാൽ ബി.ജെ.പിക്ക് പാലക്കാട് നഗരസഭ ഭരണം നഷ്ടമാവും. ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നഗരസഭ കൂടി നഷ്ടപ്പെട്ടാൽ കടുത്ത പ്രതിസന്ധിയാവുമെന്നത് അച്ചടക്ക നടപടിയെടുക്കുന്നതിൽ നിന്നും സംസ്ഥാന നേതൃത്വത്തെ മാറി ചിന്തിപ്പിച്ചേക്കും. കൗൺസിലർമാരിൽ ഒരാൾ പോലും രാജിവയ്ക്കില്ലെന്നും അധികാരം മോഹിക്കുന്ന കോൺഗ്രസിൻ്റെ വ്യഗ്രതയാണ് ഇല്ലാക്കഥകൾ മെനയുന്നതിന് പിന്നിലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.