ഡോ.സിസ തോസമസിനെ വീണ്ടും വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍. ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കി. സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിയാണ് നിയമനം. നേരത്തെ ഡോ.സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസി ആയി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം സിസ തോമസിന്‍റെ നിയമനം നിയമവിരുദ്ധമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ കാവിവല്‍ക്കരണം നടത്തുന്നെന്നും ചാന്‍സലറുടേത് പിന്നില്‍നിന്ന് കുത്തുന്ന നടപടിയെന്നും മന്ത്രി പറഞ്ഞു. നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്‍റെ അനുവാദം വാങ്ങാതെ സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തതിന്‍റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ.സിസക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. കുസാറ്റിലെ അധ്യാപകനായ ഡോ.കെ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ചു. വി.സി നിയമനങ്ങള്‍ സര്‍ക്കാരിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്താവണം എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നിലവിലുണ്ടെങ്കിലും വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് രാജ്ഭവന്‍ പുതിയ നിയമനങ്ങള്‍ നടത്തിയത്.