തൃശൂര്‍ നാട്ടികയില്‍ രാത്രി മദ്യപിച്ചയാള്‍ ഓടിച്ച ലോറി പാഞ്ഞുകയറി അപകടമുണ്ടായിട്ടും സംസ്ഥാനത്തെ പലയിടങ്ങളിലും രാത്രികാല പരിശോധന ശക്തമല്ല. രാത്രിയാത്ര സജീവമായ കൊച്ചി നഗരത്തില്‍ കാര്യമായ പരിശോധനയില്ലെന്നത് ഞെട്ടിക്കുന്നതാണ്. എന്നാല്‍ പാലക്കാട്ടും കോഴിക്കോടും പരിശോധന ശക്തമാക്കി.
സംസ്ഥാനത്ത് രാത്രികളില്‍ പാതയോരങ്ങളില്‍ ഏറ്റവുമധികംപേര്‍ അന്തിയുറങ്ങുന്ന കൊച്ചി നഗരത്തിലെ കാഴ്ചകള്‍ ഇങ്ങനയാണ്. നാട്ടികയില്‍ ദുരന്തമുണ്ടായെങ്കിലും അതിന്‍റെ പേരില്‍ പ്രത്യേക പരിശോധനയൊന്നും നഗരത്തിലില്ല.
പക്ഷേ, കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന്റെ രാത്രികാല പരിശോധന ശക്തമാക്കി. ഡ്രൈവർമാർ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. രാത്രി എട്ടുമണി മുതൽ പുലർച്ചെ വരെയായാരിന്നു പരിശോധന. ജില്ലയിലെ എല്ലാ അതിർത്തി പ്രദേശങ്ങളിലും നടന്ന പരിശോധനയിൽ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ വ്യാപക പരിശോധനകൾ നടത്താനാണ് മോട്ടോർ വാഹന വകുപ്പിലെ തീരുമാനം.
പാലക്കാട്ട്, ദേശീയപാതയില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി. വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധിച്ചത്. ലോറി, ബസ്, കാര്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതായിരുന്നു പ്രധാനമായും
പരിശോധിച്ചത്.