കണ്ണൂരില്‍ യാത്രക്കാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഈ നായ 15 പേരെ കടിച്ചിരുന്നു.
കടിയേറ്റവര്‍ അന്ന് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളിലായി ഉണ്ടായ 15 പേരെയാണ് നായ കടിച്ചത്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു. അത്‌കൊണ്ട് തന്നെ നിറയെ യാത്രക്കാരായിരുന്നു, പുറകിലൂടെ വന്ന് യാത്രക്കാരെ കടിക്കുകയായിരുന്നു നായ. പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചു.
റെയില്‍വേ കോര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടിയേറ്റവര്‍ ജില്ലാ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു. അന്ന് നായയുടെ കടിയേറ്റവരില്‍ ആരെങ്കിലും കുത്തിവെയ്പ്പ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം എടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നായ ശല്യം വ്യാപകമാണ്. തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് റെയില്‍വേ കോര്‍പ്പറേഷനോട് നേരത്തേ ആവശ്യപ്പെട്ടതാണ്. കോര്‍പ്പറേഷനോ തദ്ദേശ സ്ഥാപനങ്ങളോ അല്ല റെയില്‍വേ തന്നെയാണ് പരിഹാരം കാണേണ്ടത് എന്നായിരുന്നു കോര്‍പ്പറേഷന്‍റെ മറുപടി.