കോട്ടയം റവന്യുജില്ലാ സ്കൂൾ കലോൽസവത്തിന്‍റെ ആദ്യ ദിനത്തിൽ തന്നെ കല്ലുകടി. നാടോടി നൃത്ത മത്സരവേദിയിൽ വിദ്യാർഥികൾ തെന്നി വീണതോടെയാണ് പ്രതിഷേധമുയർന്നത്. വേദി തെന്നലുള്ളതും വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതുമെന്ന പരാതിക്കിടയിലും മല്‍സരം തുടര്‍ന്നു.
പ്രധാന വേദിയിൽ ഉദ്ഘാടനം നടക്കുമ്പോഴാണ് മുഹമ്മദ് ബഷീർ സ്മാരക സ്കൂളിലെ നാലാം നമ്പർ വേദിയിൽ നാടോടി നൃത്തമൽസരത്തിനിടെ മത്സരാർത്ഥി തെന്നി വീണ് മത്സരം മുടങ്ങിയത്. സ്റ്റേജിലെ ടൈൽ പാകിയ തറയിൽ ഹയർ സെക്കന്‍ററി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിനിടെയാണ് വീഴ്ച..
ഇതിനിടെ ശബ്ദ സംവിധാനവും കൂടി പണിമുടക്കിയതോടെ സ്റ്റേജിൽ കയറിയ കുട്ടികൾ കുഴഞ്ഞു. പരാതി പറഞ്ഞിട്ടും അപ്പീലിന് പോകാൻ പറഞ്ഞ് അധികൃതർ മത്സരം തുടരാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധമുയർന്നത്. പിന്നീട് ടൈലിന് മുകളിൽ മാറ്റ് വിരിച്ചെങ്കിലും രണ്ടാമത്തെ മത്സരാർത്ഥിക്കും ചുവട് തെറ്റി .
രണ്ടുമണിക്കൂർ നേരത്തേക്ക് മത്സരം തടസ്സപ്പെട്ടു. വീണ കുട്ടികളെ കൂടി ഉൾപ്പെടുത്തി മത്സരം വീണ്ടും ആരംഭിച്ചു.ഇന്നലെ വിപുലമായ വിളംബര ജാഥ വരെ സംഘടിപ്പിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന സംഘാടകർ അവകാശപ്പെട്ടതിനുശേഷമാണ് ഈ സംഭവങ്ങൾ. തലയോലപ്പറമ്പിൽ ആണ് കോട്ടയം റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്