കോട്ടയ്ക്കല്‍ നഗരസഭയിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനവകുപ്പ് നിര്‍ദേശം നല്‍കി. പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കാനും ധനവകുപ്പ് തീരുമാനമെടുത്തു. അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് പെന്‍ഷന്‍ ഗുണഭോക്താക്കളും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. Also Read: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തേക്കും
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലാണ് ക്ഷേമ പെന്‍ഷനില്‍ അതീവ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയത്. ആഡംബര കാര്‍ ഉടമകള്‍ വരെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. വാര്‍ഡിലെ ആകെയുള്ള 42 ഗുണഭോക്താക്കളില്‍ 38 പേരും പെന്‍ഷന് അനര്‍ഹരാണെന്നും ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ കീശയിലാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ധനവകുപ്പിന്‍റെ നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് അക്ഷന്തവ്യമായ ഈ പിഴവ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളജ് അസിസ്‌റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെ പെൻഷൻ വാങ്ങുന്നുവെന്നും ഹയര്‍സെക്കന്‍ററി അധ്യാപകരും പട്ടികയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു. അതിനിടയിലാണ് അനര്‍ഹര്‍ വ്യാപകമായി പെന്‍ഷന്‍ പറ്റിയത് കണ്ടെത്തിയിരിക്കുന്നത്.